രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചനയെന്നറിയുന്നു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെയോ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായോ ചെന്നിത്തല നിയോഗിക്കപ്പെടും.

നേരത്തെ ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയം ചെന്നിത്തലക്കുണ്ട്. സംസ്ഥാനത്ത് പുതിയ നേതൃത്വത്തെ കൊണ്ടുവരികയും ചെന്നിത്തലയെ മറ്റ് സംസ്ഥാനങ്ങളുടെ ചുമതലയിലേക്ക് നിയോഗിക്കാനുമാണ് എഐസിസി നേതൃത്വം ആലോചിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരനും പരിഗണിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നേതൃമാറ്റത്തിലൂടെ പുതിയൊരു നിര തലപ്പത്ത് എത്തുന്നതിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആഗ്രഹിക്കുന്നില്ലെന്ന് എ-ഐ ഗ്രൂപ്പ് ക്യാംപുകളെ ഉദ്ധരിച്ച് സമീപദിവസങ്ങളില്‍ മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗവും സമാന തീരുമാനത്തിലേക്കാണ് എത്തിയിരുന്നത്.

നാല്‍പ്പത്തിയെട്ടാം വയസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായിരുന്ന നേതാവാണ് രമേശ് ചെന്നിത്തല. പിന്നീടാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കേന്ദ്രീകരിക്കുന്നത്. 26ാം വയസില്‍ എം.എല്‍.എയുമായിരുന്നു. 29ാം വയസില്‍ മന്ത്രിയുമായി. 2001ല്‍ ഏഴ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ ട്രാക്ക് റെക്കോര്‍ഡും ചെന്നിത്തലക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in