'ഒന്നാന്തരം ചാണകകുട്ടി';പലസ്തീന്‍ വിരുദ്ധ വ്യാജവീഡിയോ പ്രചരിപ്പിച്ച അബ്ദുള്ളകുട്ടിയെ കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ

'ഒന്നാന്തരം ചാണകകുട്ടി';പലസ്തീന്‍ വിരുദ്ധ വ്യാജവീഡിയോ പ്രചരിപ്പിച്ച അബ്ദുള്ളകുട്ടിയെ കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ

കോഴിക്കോട്: പലസ്തീന്‍ ജനതയുടേതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.

പലസ്തീനില്‍ നിന്നെന്ന പേരില്‍ വ്യാജ സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങളാണ് അബ്ദുള്ള കുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പലസ്തീന്‍ പോരാട്ടത്തിന് ലോകത്തിന്റെ സഹതാപം പിടിച്ചുപറ്റാന്‍ ഇവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്' എന്ന തലക്കെട്ടോടു കൂടിയായിരുന്നു അബ്ദുള്ളകുട്ടി വീഡിയോ പോസ്റ്റ് ചെയ്തത്.

ഒരു കൂട്ടം യുവാക്കള്‍ മൃതദേഹവും എടുത്ത് റോഡിലൂടെ നടക്കുന്നതും, പൊലീസിന്റെ സൈറണ്‍ കേട്ടപ്പോള്‍ എല്ലാവരും കൂടിയോടുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉള്ളത്.

ജോര്‍ദ്ദാനില്‍ നിന്നുള്ള ഒരു തമാശ വീഡിയോയാണ് പലസ്തീനില്‍ നിന്നെന്ന പേരില്‍ അബ്ദുള്ള കുട്ടി പ്രചരിപ്പിച്ചത്. 2020ല്‍ തന്നെ ഈ വീഡിയോ പല ട്വിറ്റര്‍ ഹാന്‍ഡിലുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്

അബുദാബിയില്‍ നിന്നുള്ള ഒരു ട്വീറ്റില്‍ അബ്ദുള്ളകുട്ടി കുട്ടി പോസ്റ്റ ചെയ്ത വീഡിയോയെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ജോര്‍ദ്ദാനിലെ ചില യുവാക്കള്‍ വ്യാജ ശവസംസ്‌കാര ചടങ്ങ് സംഘടിപ്പിച്ചു. പൊലീസിന്റെ സൈറണ്‍ കേട്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിതരായിരിക്കൂ എന്ന ഹാഷ്ടാഗും ഇതിനോടൊപ്പമുണ്ട്.

പലസ്തീന്‍ വിഷയത്തില്‍ ബിജെപിയുടെ ഇസ്രായേല്‍ അനുകൂല നിലപാട് വ്യക്തമാക്കുന്നതിനായി വ്യാജ വീഡിയോ ഉപയോഗിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന വിമര്‍ശനം. അബ്ദുള്ളക്കുട്ടി അവറുകള്‍ അങ്ങ് ചെയ്ത പോസ്റ്റ് ഒരിക്കലും പലസ്തീന്‍ അല്ല. അങ്ങയുടെ രാഷ്ട്രീയത്തില്‍ കെട്ടുകഥ പ്രചരിപ്പിക്കാതിരിക്കുക, അങ്ങ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് എന്നും കമന്റുകളില്‍ പറയുന്നു.നല്ല ഒന്നാന്തരം ചാണകകുട്ടിയെന്നും ഒരാള്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in