പിണറായിക്കൊപ്പം പുതുനിര, മന്ത്രിസഭയില്‍ എം.വി.ഗോവിന്ദനും രാജീവും ബാലഗോപാലും, വനിതാ സാന്നിധ്യമായി വീണ ജോര്‍ജ്ജും, ആര്‍ ബിന്ദുവും?

പിണറായിക്കൊപ്പം പുതുനിര, മന്ത്രിസഭയില്‍  എം.വി.ഗോവിന്ദനും രാജീവും ബാലഗോപാലും, വനിതാ സാന്നിധ്യമായി വീണ ജോര്‍ജ്ജും, ആര്‍ ബിന്ദുവും?

രണ്ടാം പിണറായി മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങളെന്ന് സൂചന. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് ടേം വ്യവസ്ഥ നടപ്പാക്കിയ സിപിഎം മന്ത്രിസഭയിലും പരീക്ഷണത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ.ശൈലജയും എ.സി മൊയ്തീനും ഒഴികെ ആരും കഴിഞ്ഞ മന്ത്രിസഭയില്‍ നിന്നുണ്ടാകില്ലെന്നാണ് സൂചനകള്‍.

മന്ത്രിസഭയിലേക്ക് പുതുനിര വരുമ്പോള്‍ കേന്ദ്രകമ്മിറ്റിയംഗവും സെക്രട്ടറിയറ്റ് അംഗവുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, സെക്രട്ടറിയറ്റ് അംഗം പി.രാജീവ്, മുന്‍ സ്പീക്കറും മുന്‍മന്ത്രിയും കൂടിയായ കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ ഉറപ്പായും പിണറായി മന്ത്രിസഭയിലുണ്ടാകും.

സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, വി.ശിവന്‍കുട്ടി വി.എന്‍ വാസവന്‍, വീണ ജോര്‍ജ്ജ്, ആര്‍. ബിന്ദു, എം.ബി രാജേഷ്, കാനത്തില്‍ ജമീല, എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വനിതകളില്‍ ഇവരില്‍ ഒരാളെയാകും പരിഗണിക്കുകയെന്നറിയുന്നു.

പൂര്‍ണമായും പുതുനിരയെ അണിനിരത്തിയ മന്ത്രിസഭക്കാണ് പിണറായി വിജയന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. കെ.കെ.ശൈലജക്കും എ.സി മൊയ്തീനും മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നുണ്ട്. സെക്രട്ടറിയറ്റിന് ശേഷമായിരിക്കും തീരുമാനം.

ഇങ്ങനെ വരുമ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, എം.എം.മണി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകില്ല. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഇ.പി ജയരാജന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍, രവീന്ദ്രനാഥ് എന്നിവര്‍ ഇക്കുറി മത്സരിച്ചിരുന്നില്ല.

No stories found.
The Cue
www.thecue.in