യുദ്ധകാലാടിസ്ഥാനത്തിൽ ശ്‌മശാനം പൂർത്തിയാക്കിയെന്ന് മേയർ ആര്യ; ഔചിത്യം വേണമെന്ന് സോഷ്യൽ മീഡിയ; ഒടുവിൽ പോസ്റ്റ് നീക്കി

യുദ്ധകാലാടിസ്ഥാനത്തിൽ ശ്‌മശാനം പൂർത്തിയാക്കിയെന്ന് മേയർ ആര്യ; ഔചിത്യം വേണമെന്ന് സോഷ്യൽ മീഡിയ; ഒടുവിൽ പോസ്റ്റ് നീക്കി

Published on

തൈക്കാട് ശാന്തികവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മിച്ചത് അറിയിച്ചുകൊണ്ടുള്ള തിരുവനന്തപുരം മേയര്‍ ആര്യ എസ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് സോഷ്യൽ മീഡിയ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത് . രാജ്യം കൊവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സമയത്ത് കോര്‍പ്പറേഷന്‍ ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകള്‍. ട്രോള്‍ പേജുകളിലുള്‍പ്പെടെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടതോടെ മേയര്‍ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തു.

വിവാദമായ പോസ്റ്റില്‍ ആര്യ പറഞ്ഞത്:

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്.

ആധുനികരീതിയില്‍ നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കില്‍ ഈ വരികള്‍ കുറിച്ചത്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ക്കായി ഒരു ജനതയാകെ ഉറ്റുനോക്കുമ്പോള്‍ ജനപ്രതിനിധികള്‍ ശ്മശാനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും പങ്കുവെയ്ക്കുന്നത് ക്രൂരമാണെന്നായിരുന്നു കമന്റ്‌ . മഹാമാരിക്കാലത്ത് കൂടുതല്‍ ശ്മശാനങ്ങള്‍ കെട്ടിപ്പൊക്കുന്നത് മേയറിന്റെ ഭരണനേട്ടമെന്ന തരത്തില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

logo
The Cue
www.thecue.in