
ന്യൂദൽഹി: ഇന്ത്യ ഗുരുതരമായ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അമേരിക്കയിൽ നിന്നുള്ള കൊവിഡ് എമർജൻസി എയ്ഡ് ഇന്ത്യയിലെത്തി. നാനൂറിലധികം ഓക്സിജൻ സിലിണ്ടറുകൾ, പത്ത് ലക്ഷത്തിലധികം റാപിഡ് കൊറോണ ടെസ്റ്റ് കിറ്റ്സ്, ആശുപത്രി ഉപകരണങ്ങൾ, തുടങ്ങിയവയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്കയിൽ നിന്നുള്ള വിമാനം ഇന്ത്യയിലെത്തിയത്.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. കൊവിഡിന്റെ തുടക്കഘട്ടങ്ങളിൽ അമേരിക്കയെ ഇന്ത്യയെ സഹായിച്ചതുപോലെ തങ്ങളും ഈ വിഷമഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുമെന്നായിരുന്നു ബൈഡൻ പറഞ്ഞത്.
ജോ ബൈഡന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടു വന്നിരുന്നു. ഇതിനോടകം ന്യൂസിലാൻഡ് ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിൽ തുടർച്ചയായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ രോഗികളാണ് പ്രതിദിനം ഉണ്ടാകുന്നത്.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ട് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും മുന്നോട്ടു വന്നിരുന്നു.