വീഴ്ചയെക്കുറിച്ച് മിണ്ടരുത്, ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാരിന്റെ സെൻസർഷിപ്

വീഴ്ചയെക്കുറിച്ച് മിണ്ടരുത്, ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാരിന്റെ സെൻസർഷിപ്

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ചുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാനും ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടു. ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ നോട്ടീസിന് പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. അതേ സമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. കോവിഡിന്റെ രണ്ടാം തരംഗത്തിലെ ജനങ്ങളുടെ ദുരിതങ്ങളും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്നതാണ് ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ട്വീറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ട്വിറ്ററിന് റഫറന്‍സ് നല്‍കിയിട്ടുണ്ട്. ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അറിയിപ്പില്‍ പറയുന്നു. അതേ സമയം കേന്ദ്ര സര്‍ക്കാർ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ലോക്‌സഭാ അംഗം രേവ്‌നാഥ് റെഡ്ഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യതകുറവും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമർശനങ്ങളാണ് ബ്ലോക്ക് ചെയ്ത ട്വീറ്റുകളിൽ കൂടുതലും. കുംഭമേളയുമായി ബന്ധപ്പെട്ടും പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ടുമുള്ള ട്വീറ്റുകളും ഇതിലുണ്ട്. ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍ ഇന്ത്യയില്‍ കാണാനാവില്ലെങ്കിലും വിദേശത്തുള്ളവര്‍ക്ക് കാണാം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ വിമര്‍ശന ട്വീറ്റുകള്‍ക്കെതിരെ ഇത് രണ്ടാം തവണയാണ് നടപടിയെടുക്കുന്നത്. നേരത്തെ കര്‍ഷ സമരം സംബന്ധിച്ച ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

No stories found.
The Cue
www.thecue.in