'മാറിലും കാലിലും അടിച്ചു, മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; നമ്പിക്കെതിരെ മൊഴി നൽകാൻ പറഞ്ഞത് രമൺ ശ്രീവാസ്തവയെന്ന് ഫൗസിയ

'മാറിലും കാലിലും അടിച്ചു, മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി'; നമ്പിക്കെതിരെ മൊഴി നൽകാൻ പറഞ്ഞത്  രമൺ ശ്രീവാസ്തവയെന്ന് ഫൗസിയ

ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഡിജിപിയും പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവുമായ രമൺ ശ്രീവാസ്തവയ്ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ. രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് രമൺ ശ്രീവാസ്തവ പറഞ്ഞത്.

ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തി . ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി കെ ജയിൻ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷമാണ് ഫൗസിയയുടെ പ്രതികരണം വന്നിരിക്കുന്നത് . ഐഎസ്ആർഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ താൻ നമ്പി നാരായണനും ശശികുമാറിനും ഡോളർ നൽകിയെന്ന് വ്യാജമൊഴി നൽകണമെന്നാണ് രമൺ ശ്രീവാസ്തവ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചു. തന്‍റെ മാറിലും കാലിലുമെല്ലാം അടിച്ചു. തന്‍റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്‍റെ മകൾ.

ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി. തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ല. താൻ പറയുന്നത്തന്‍റെ കുറ്റസമ്മതമൊഴി വീഡിയോയിൽ പകർത്തിയിരുന്നു. ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്‍റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമൺ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വെച്ചാണെന്നും ഫൗസിയ പറഞ്ഞു.

നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്നാണ് ഫൗസിയയുടെ ആവശ്യം . മർദ്ദനമേറ്റതിനെത്തുടർന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോൾ ആവശ്യപ്പെട്ടാൽ സഹകരിക്കുമെന്നും ഫൗസിയ പറഞ്ഞു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുമ്പോൾ ഫൗസിയയുടെ വെളിപ്പെടുത്തലുകളും നിർണായകമാകും.

Related Stories

No stories found.
logo
The Cue
www.thecue.in