
ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി എ.എ വിജയരാഘവന്‍. ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വിജയരാഘവന്‍. പാര്‍ട്ടി നിലപാട് ഓരോരുത്തരുടെയടുത്തും ചെന്ന് ചോദിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട് അത് വ്യക്തമാക്കിയിട്ടുമുണ്ടെന്നും വിജയരാഘവന്‍.
നാല് ലക്ഷം മെമ്പര്‍മാരുള്ള പാര്‍ട്ടിയാണിത്. ഓരോരുത്തരുടേയും നിലപാട് പ്രത്യേകം ചോദിക്കേണ്ടതില്ല, അതിനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി പ്രസ്താവന അടക്കം പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ആശയക്കുഴപ്പം ഇല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ല.
എം.എം. മണി ഇന്ന് പ്രതികരിച്ചത്
അയാള് ചുമ്മാ വിഡ്ഡിത്തം പറയുന്നു. ഒരു കാര്യവും ഇല്ലാത്തതാണ്. അയാള്‍ക്ക് ഇത് പറയേണ്ടതെന്താണ്. എനിക്ക് അതിനോടൊന്നും യോജിപ്പില്ല. കടകംപള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ചുമ്മാ ഏറ്റതാണ്. യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന കാര്യമല്ലേ. കടകംപള്ളി ബുദ്ധിമോശം കൊണ്ട് പറയുന്നതാണ്. ആനി രാജ പറയുന്നതില്‍ ശരിയുണ്ട്. ഇടതുമുന്നണി അതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ആനി രാജ പറഞ്ഞത്
ശബരിമലയില്‍ ഇടതുപക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സിപിഐ നേതാവ് ആനിരാജ. ഏതെങ്കിലും മന്ത്രി ഒരു അഭിപ്രായം പറഞ്ഞെന്ന് കരുതി ഇടതുപക്ഷ നിലപാട് മാറില്ലെന്നും ആനിരാജ. ആലുവയിലാണ് പ്രതികരണം.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി.രാജയും ഉള്‍പ്പെടെ ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചുവ്യക്തമാക്കുന്നത് ഒരേ നിലപാടാണ്. ലിംഗസമത്വം എന്നത് മതത്തിന്റെ കാര്യത്തിലും രാഷ്ട്രീയത്തിന്റെ കാര്യത്തിലും വേണമെന്നത് തന്നെയാണ് നിലപാട്.
ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി വരുമ്പോള്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്ന് സംസ്ഥാനത്തെ ഇടതുനേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് ആനി രാജ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞത്. ശബരിമലയിലേത് ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന നിലപാടാണ് ആനി രാജ ആവര്‍ത്തിക്കുന്നത്.