സി.പി.എം ബ്രാഞ്ച് ബി.ജെ.പി ഓഫീസാക്കിയെന്ന് അവകാശവാദം; പാര്‍ട്ടി പുറത്താക്കിയ ആളുടെ സ്വകാര്യ വസ്തുവെന്ന് സി.പി.എം

സി.പി.എം ബ്രാഞ്ച് ബി.ജെ.പി ഓഫീസാക്കിയെന്ന് അവകാശവാദം; പാര്‍ട്ടി പുറത്താക്കിയ ആളുടെ സ്വകാര്യ വസ്തുവെന്ന് സി.പി.എം

തിരുവനന്തപുരം വിഴിഞ്ഞത്തെ സി.പി.എം ബ്രാഞ്ച് തങ്ങളുടെ ഓഫീസാക്കി മാറ്റിയെന്ന് ബി.ജെ.പിയുടെ അവകാശവാദം. തോട്ടം ബ്രാഞ്ചിലുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. പാര്‍ട്ടി പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണ് ബി.ജെ.പി ഓഫീസാക്കിയതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

വിഴിഞ്ഞം മുല്ലൂരില്‍ ഒമ്പത് വര്‍ഷമായി ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു ഇത്. കെട്ടിടത്തില്‍ ബി.ജെ.പിയുടെ കൊടി നാട്ടി. ചെഗുവേരയുടെ ചിത്രമുണ്ടായിരുന്ന ചുവരില്‍ കാവി തേച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. മുല്ലൂര്‍ ഡിവിഷനിലായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മുക്കോല പ്രഭാകരന്‍, വയല്‍ക്കര മധു എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. വയല്‍ക്കര മധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്‍.ഡി.എ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in