ബി.ജെ.പിയില്‍ നിന്നും ഒരുപാടാളുകള്‍ വിജയിക്കുന്ന തെരഞ്ഞെടുപ്പ്; അവരെ കൈപിടിച്ച് നിയമസഭയില്‍ ഇരുത്താനാണ് ആഗ്രഹമെന്ന് ശോഭ സുരേന്ദ്രന്‍

ബി.ജെ.പിയില്‍ നിന്നും ഒരുപാടാളുകള്‍ വിജയിക്കുന്ന തെരഞ്ഞെടുപ്പ്; അവരെ കൈപിടിച്ച് നിയമസഭയില്‍ ഇരുത്താനാണ് ആഗ്രഹമെന്ന് ശോഭ സുരേന്ദ്രന്‍

എട്ടര മാസം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറിനിന്നതിന് വ്യക്തമായ കാരണമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമായതിനാല്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ല. 33 കൊല്ലം പ്രവര്‍ത്തിച്ചതിനിടയിലാണല്ലോ എട്ടര മാസം വിട്ടുനിന്നതെന്നും ശോഭ സുരേന്ദ്രന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

വിട്ടുനിന്ന കാലത്തും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ച പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി ശോഭ സുരേന്ദ്രന്‍ അവകാശപ്പെട്ടു. 36 കോളനികളില്‍ കൊവിഡ് കാലത്ത് സഹായം എത്തിക്കാന്‍ കഴിഞ്ഞു. ഇതിന് മാധ്യമപ്രചാരണം നല്‍കിയില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

അഞ്ച് ജില്ലകളിലായി ഏഴു തവണ താന്‍ മത്സരിച്ചു. ഇത്തവണ ബി.ജെ.പിയില്‍ നിന്നും ഒരുപാടാളുകള് ജയിക്കാന്‍ പോവുന്ന തെരഞ്ഞെടുപ്പില്‍ അവരെയൊക്കെ ജയിപ്പിച്ച് കൈപിടിച്ച് നിയമസഭയില്‍ ഇരുത്താനാണ് താന്‍ ആഗ്രഹിക്കുന്നത്. സ്ത്രീശാക്തീകരണത്തില്‍ മുന്നിലാണെങ്കിലും കേരളം ഭരിച്ച മുന്നണികള്‍ സ്ത്രീകളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

33 ശതമാനം സംവരണം ബി.ജെ.പി പാര്‍ട്ടി പദവികളില്‍ സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടം വരുത്തിവെച്ചു. ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കേരള രാഷ്ട്രീയം മാറുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തികുന്ന സ്ത്രീകള്‍ ഒരുപാട് പ്രയാസം നേരിടുന്നുണ്ട്. ഇരട്ട ജോലി ചെയ്യണം. കുടുംബം നോക്കുകയും വരുമാനം കണ്ടെത്തുകയും ഒപ്പം മക്കളെ വളര്‍ത്തുകയും വേണം. ഈ ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വ്വഹിച്ചാണ് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇരു മുന്നണികളും മനസിലാക്കണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെങ്കിലും ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. കശ്മീരില്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ മുസ്ലിംസമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in