ധർമ്മജനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം;ബദൽ സ്ഥാനാർത്ഥിയുമായി എം.കെ രാഘവൻ എംപിയും

ധർമ്മജനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം;ബദൽ സ്ഥാനാർത്ഥിയുമായി എം.കെ രാഘവൻ എംപിയും

നടൻ ധർമ്മജനെ ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ജില്ലാ നേതൃത്വമാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ധർമ്മജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോഴിക്കോട് എം.പി എം.കെ രാഘവനും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിക്കും വിയോജിപ്പുണ്ട്.എല്ലാ ഗ്രൂപ്പുകളുടെയും പിന്തുണ ലഭിച്ചാലേ മത്സരിക്കാനുള്ളുവെന്നാണ് ധർമ്മജന്റെ നിലപാട്.

ധർമ്മജനെ മത്സരിപ്പിക്കരുതെന്ന് ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.പാർട്ടിയിൽ സജീവമായി രംഗത്തുള്ളവരെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ദളിത് കോൺഗ്രസിന്റെ വാദം. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് അഭിലാഷ്, കെ.പി.സി.സി നിർവാഹക സമിതി അംഗം വി.ടി. സുരേന്ദ്രൻ എന്നിവരാണ് എതിർപ്പുയർത്തിയിട്ടുള്ളത്. എൻ.ജി.ഒ അസോസിയേഷൻ നേതാവ് മധുവിനെ മത്സരിപ്പിക്കാനാണ് എം.കെ രാഘവൻ എം.പിക്ക് താൽപര്യം. എ.ഐ.സി.സി നടത്തിയ സർവേയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകൻ വിപിൻ കൃഷ്ണനാണ് സാധ്യത കണ്ടെത്തിയിരിക്കുന്നത്.

ബാലുശ്ശേരിയല്ലാത്ത സംവരണ മണ്ഡലത്തിൽ ധർമ്മജനെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്ന നിർദേശം. ബാലുശ്ശേരിയിലേക്ക് കൊണ്ടുവരുന്നതിൽ ചിലരുടെ വ്യക്തി താൽപര്യമുണ്ടെന്നാണ് ഇവരുടെ വാദം. ഐക്യകണ്‌ഠേന വന്ന പേരല്ല ധർമ്മജന്റേതെന്നാണ് എ,ഐ ഗ്രൂപ്പുകൾ പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈപ്പിൻ മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ധർമ്മജൻ തയ്യാറായില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. 12 സംവരണ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് സിറ്റിംഗ് സീറ്റ്.കുന്നത്തുനാടും വണ്ടൂരും മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. എറണാകുളം ജില്ലയോട് ചേർന്നുള്ള വൈക്കം മണ്ഡലത്തിൽ ധർമ്മജനെ മത്സരിപ്പിക്കാത്തതെന്താണെന്നാണ് കോഴിക്കോട് ജില്ലാ നേതൃത്വം ചോദിക്കുന്നത്. ചേലക്കര മണ്ഡലത്തിൽ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് ധർമ്മജനെ ക്ഷണിച്ചിരുന്നു. തരൂർ, കോങ്ങാട് മണ്ഡലങ്ങളും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥാനാർത്ഥിയാകുമെന്ന ചർച്ച സജീവമായതോടെ ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജൻ സജീവമായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടി പറയുന്ന ഏത് സീറ്റിലും മത്സരിക്കുമെന്നുമായിരുന്നു ധർമ്മജൻ നേരത്തെ പ്രതികരിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in