ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചെന്ന് എം.എം ഹസന്‍

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചെന്ന് എം.എം ഹസന്‍

ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇതോടെ ധര്‍മ്മജന്‍ മത്സരിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംവരണ മണ്ഡലമായ ബാലുശേരി ഏറ്റെടുക്കാന്‍ ലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. പകരം കുന്നമംഗലമോ കൊങ്ങാടോ നല്‍കണമെന്നാണ് ലീഗ് മുന്നോട്ട് വച്ചിരിക്കുന്നത്. മുസ്ലിം ലീഗിലെ യു.സി രാമനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മത്സരിച്ചത്.

എസ്.എഫ്.ഐ നേതാവ് സച്ചിന്‍ ദേവിനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായി കണക്കാക്കുന്ന ബാലുശ്ശേരി മണ്ഡലം സിനിമ താരത്തെ ഇറക്കി പിടിച്ചെടുക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. അത് തന്റെ കൂടി വാശിയാണ്. ഏത് മണ്ഡലത്തില്‍ എന്ന് ഉദ്ദേശിക്കുന്നില്ല. ജയസാധ്യതയുള്ളതോ ഇല്ലാത്തതോ പോരാടേണ്ടതായോ ഉള്ള, ഏത് സീറ്റില്‍ നിര്‍ത്തിയാലും മത്സരിക്കാന്‍ തയ്യാറാണ്. താനൊരു അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കാനും ജയിക്കാനും പോരാടാനും തയ്യാറാണ്.

മൂന്ന് നാല് സ്ഥലത്തേക്ക് പരിഗണിക്കുന്നതായാണ് വാര്‍ത്തകള്‍ കണ്ടത്. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന അനേകം നേതാക്കളുണ്ട്. അവരുടെ സീറ്റിനെക്കുറിച്ച് തന്നെ ധാരണയായിട്ടില്ല. എറണാകുളത്താണോ കാസര്‍കോഡാണോ കോഴിക്കോടാണോ മത്സരിക്കുന്നത് എന്നത് വിഷയമല്ല. മണ്ഡലമോ ജില്ലയോ പ്രശ്നമല്ല. പ്രാദേശികമായി എന്താണ് വേണ്ടതെന്ന് പത്ത് ദിവസം കൊണ്ട് മനസിലാകും. ഒരുപാട് കാലം അവിടെ ജീവിക്കണമെന്നില്ല. അവിടെ ജീവിക്കുന്ന ആളുകള്‍ പറയുന്ന കാര്യങ്ങളാണ് നമ്മള്‍ കേള്‍ക്കേണ്ടത്.

സ്വതന്ത്രനായിട്ട് മത്സരിക്കില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ടിക്കറ്റ് തന്നാല്‍ മാത്രമേ മത്സരിക്കുകയുള്ളു. വേറൊരു പാര്‍ട്ടിയിലും മത്സരിക്കില്ല. സ്വതന്ത്രനായി നില്‍ക്കുന്നത് ഈ ജന്‍മത്ത് ഉണ്ടാകില്ല.

സിനിമയാണ് തന്റെ ഉപജീവനമാര്‍ഗ്ഗം. രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗമല്ല.സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെക്കുറിച്ച് സീറ്റ് കിട്ടിയതിന് ശേഷം ആലോചിക്കും. സിനിമ നന്നായി വരണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in