'സ്വജനപക്ഷപാതത്തിനും നിയമവിരുദ്ധ നടപടികള്‍ക്കും ചുക്കാന്‍ പിടിക്കുന്ന കമല്‍ രാജിവെക്കണം'; മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ

'സ്വജനപക്ഷപാതത്തിനും നിയമവിരുദ്ധ നടപടികള്‍ക്കും ചുക്കാന്‍ പിടിക്കുന്ന കമല്‍ രാജിവെക്കണം'; മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കമല്‍ രാജിവെക്കണമെന്ന് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്). കേരള ചലച്ചിത്ര അക്കാദമിയിലെ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമല്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് ചലച്ചിത്ര അക്കാദമിയില്‍ നടന്നുകൊണ്ടിരിക്കുന്ന സ്വജനപക്ഷപാതിത്വത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും തുടര്‍ച്ചയാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപണമുണ്ട്.

'ചലച്ചിത്ര അക്കാദമി പോലെയുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ താത്കാലികമായി നിര്‍വഹിക്കേണ്ട ചുമതലകളില്‍ ഇരിക്കുന്ന വ്യക്തികളെയാണ് കമല്‍ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. കമലിന്റെ കത്തില്‍ പറയുന്ന തസ്തികകളെല്ലാം സ്ഥിരം നിയമനങ്ങള്‍ ആവശ്യമില്ലാത്തതും അക്കാദമി ഭരണസമിതി മാറുന്നതിനനുസരിച്ച് മാറിവരേണ്ടതുമാണ്. ചലച്ചിത്ര അക്കാദമിക്ക് ഏതെങ്കിലും തസ്തികകള്‍ സ്ഥിരപ്പെടുത്തണമെങ്കില്‍ തന്നെ അതിന് സ്വീകരിക്കേണ്ട മാര്‍?ഗം ഇതല്ല. പി.എസ്.സി വഴി, റിസര്‍വേഷന്‍ അടക്കുമുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാകണം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരം നിയമനങ്ങള്‍ നടത്തേണ്ടത് എന്ന ഭരണഘടനാപരമായ ബാധ്യത കമലിനും ബാധകമാണ്. ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ മുന്‍കൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രമേക്കേടുകളിലെ ജീര്‍ണ്ണിച്ച ഒരു കണ്ണി മാത്രമാണ് കമലിന്റെ കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

'നാളുകളായി ഉന്നയിക്കുന്ന വിവിധ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള മറ്റൊരു നടപടിയാണ് അക്കാദമി ചെയര്‍മാന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചലച്ചിത്ര അക്കാദമി പോലെയുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ താത്കാലികമായി നിര്‍വഹിക്കേണ്ട ചുമതലകളില്‍ ഇരിക്കുന്ന വ്യക്തികളെയാണ് കമല്‍ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. കമലിന്റെ കത്തില്‍ പറയുന്ന തസ്തികകളെല്ലാം സ്ഥിരം നിയമനങ്ങള്‍ ആവശ്യമില്ലാത്തതും അക്കാദമി ഭരണസമിതി മാറുന്നതിനനുസരിച്ച് മാറിവരേണ്ടതുമാണ്.

അതാണ് ഉചിതമായ നടപടിക്രമം എന്നിരിക്കെ, തനിക്ക് താത്പര്യമുള്ള ചിലരെ രാഷ്ട്രീയ ആഭിമുഖ്യം മുന്‍നിര്‍ത്തി സ്ഥിരപ്പെടുത്താനാണ് ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതിക്കൊണ്ട് കമല്‍ ശ്രമിച്ചത്. ഈ സ്വജനപക്ഷപാതിത്വം അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തോടുതന്നെയുള്ള അവഹേളനമാണ്.

ഇപ്പോഴത്തെ ഭരണസമിതി നിലവില്‍ വന്ന ശേഷം ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഒട്ടുമിക്ക തീരുമാനങ്ങളും നിയമവിരുദ്ധവും പലരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതും ആയതിനാലാണ് ഈവിധം ഒരു കത്ത് നല്‍കാന്‍ അക്കാദമി ചെയര്‍മാന്‍ ധൈര്യപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ മുന്‍കൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രമേക്കേടുകളിലെ ജീര്‍ണ്ണിച്ച ഒരു കണ്ണി മാത്രമാണ് കമലിന്റെ ഈ കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിലും എല്ലാം ഇത്തരത്തില്‍ കക്ഷിരാഷ്ട്രീയ താത്പര്യങ്ങളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും അക്കാദമി ഭരണസമിതിയുടെ മുന്‍കൈയില്‍ നടന്നിട്ടുണ്ട് എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം. മൈക്ക് ഇത് മുമ്പ് ചൂണ്ടിക്കാണിച്ചിട്ടും വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ചലച്ചിത്ര അക്കാദമിക്ക് ഏതെങ്കിലും തസ്തികകള്‍ സ്ഥിരപ്പെടുത്തണമെങ്കില്‍ തന്നെ അതിന് സ്വീകരിക്കേണ്ട മാര്‍ഗം ഇതല്ല. പി.എസ്.സി വഴി, റിസര്‍വേഷന്‍ അടക്കുമുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാകണം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരം നിയമനങ്ങള്‍ നടത്തേണ്ടത് എന്ന ഭരണഘടനാപരമായ ബാധ്യത കമലിനും ബാധകമാണ്. ഇഷ്ടക്കാര്‍ക്ക് ആനുകൂല്യം ചെയ്യാന്‍ വേണ്ടി അവഗണിക്കാന്‍ കഴിയുന്നതല്ല അത്തരം കാര്യങ്ങളെന്ന് കമല്‍ മനസ്സിലാക്കേണ്ടതുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരുപക്ഷെ ആ നിയമവശങ്ങള്‍ അറിഞ്ഞിട്ടും, ഇടതുരാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് തനിക്ക് പ്രിയമുള്ള ചിലര്‍ക്ക് സ്ഥിരനിയമനം വാങ്ങിക്കൊടുക്കാനുള്ള കുതന്ത്രമായും കമലിന്റെ നീക്കത്തെ ഞങ്ങള്‍ കാണുന്നു. ഇത്തരത്തില്‍ അധികാര കസേരയില്‍ ഇരുന്ന് സ്ഥിരമായി സ്വജനപക്ഷപാതത്തിനും നിയമവിരുദ്ധ നടപടികള്‍ക്കും ചുക്കാന്‍ പിടിക്കുന്ന കമല്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവയ്ക്കണമെന്ന് മൈക്ക് ആവശ്യപ്പെടുന്നു. ഒപ്പം ഇതിനെല്ലാം നാളുകളായി കൂട്ടുനില്‍ക്കുന്ന ചലച്ചിത്ര അക്കാദമി ഭരണസമിതി പിരിച്ചുവിടുകയും ചെയ്യണം. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് നിരന്തരം ഉയര്‍ന്നുവരുന്ന ഈവിധത്തിലുള്ള ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മൈക്ക് ആവശ്യപ്പെടുന്നു.'

MIC Agaist Director Kamal On Chalachitra Academy Letter Issue

Related Stories

The Cue
www.thecue.in