'പി.ടി.തോമസിന്റേത് മര്യാദയില്ലാത്ത വാക്കുകള്‍', സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി, വാക്‌പോര്

'പി.ടി.തോമസിന്റേത് മര്യാദയില്ലാത്ത വാക്കുകള്‍', സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി, വാക്‌പോര്

സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് പി.ടി.തോമസ് നടത്തിയ പരാമര്‍ശമാണ് സഭയില്‍ ബഹളത്തിന് കാരണമായത്. പുത്രവാത്സല്യത്താല്‍ അന്ധനായി തീര്‍ന്ന ധൃതരാഷ്ട്രരെ പോലെ പുത്രീവാത്സല്യത്താല്‍ മുഖ്യമന്ത്രി അന്ധനായി തീരരുതെന്നായിരുന്നു പി.ടി തോമസ് പറഞ്ഞത്.

സ്വര്‍ണക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി കമ്യൂണിസ്റ്റാണോയെന്ന് പി.ടി.തോമസ് ചോദിച്ചു. എം.ശിവശങ്കറിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിന്‍ കാലത്ത് തുടങ്ങിയതാണ്. ലാവ്‌ലിന്‍ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകള്‍ ചോര്‍ത്തി നല്‍കിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണം. ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സ്വപ്നയോടൊപ്പം ശിവശങ്കര്‍ വിദേശയാത്ര നടത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ഉളുപ്പ് മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നോയെന്നും പി.ടി. തോമസ് ചോദിച്ചു.

ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രിയെന്ന വിശേഷണമാകും പിണറായിക്ക് ലഭിക്കുക. പ്രളയകാലം സ്വര്‍ണക്കടത്തുകാര്‍ കൊയ്ത്തുകാലമാക്കി. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറാതിരിക്കട്ടെയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി പി.ടി.തോമസ് പറഞ്ഞു.

മര്യാദയില്ലാത്ത വാക്കുകളാണ് പി.ടി.തോമസിന്റേതെന്ന് ഭരണപക്ഷം ആരോപിച്ചു. പൂരപ്പാട്ടിനുള്ള സ്ഥലമല്ല സഭയെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. നിയമസഭയില്‍ എന്തും പറയാമെന്ന് കരുതരുത്. പി.ടി.തോമസിനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ് ലാവ്ലിന്‍ കേസില്‍ കോടതി തന്നെ വെറുതെ വിട്ടത്. സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എം. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. സി.എം.രവീന്ദ്രന്‍ കുറ്റം ചെയ്തെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി.തോമസിന്റെ പരാമര്‍ശം മോശമായി പോയെന്ന് സ്പീക്കറും വ്യക്തമാക്കി.

CM Pinarayi Vijayan Against PT Thomas

Related Stories

No stories found.
logo
The Cue
www.thecue.in