'കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍വീണു,ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ടു'; സിസ്റ്റര്‍അഭയയെ അധിക്ഷേപിച്ച് ഫാ.മാത്യുനായ്ക്കംപറമ്പില്‍

'കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍വീണു,ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ടു'; സിസ്റ്റര്‍അഭയയെ അധിക്ഷേപിച്ച് ഫാ.മാത്യുനായ്ക്കംപറമ്പില്‍

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ നടത്തി ധ്യാനഗുരുവും മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനുമായ ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍. അഭയയെ ആരും കൊന്നതല്ലെന്നും, കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും ഒരു വാട്സ് ആപ്പ് സന്ദേശത്തിലൂടെ മനസിലാക്കിയെന്നാണ് ഫാദര്‍ മാത്യു നായ്ക്കംപറമ്പിലിന്റെ വാദം. ചെറുപ്പത്തില്‍ പല പുരുഷന്‍മാരാല്‍ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ അഭയയെന്ന രീതിയില്‍ ലൈംഗിക അധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശവും പ്രസംഗത്തിലുണ്ട്.

വിദേശിയായ ഒരു കന്യാസ്ത്രീയോട് സ്വപ്നത്തില്‍ അഭയയുടെ ആത്മാവ് പറഞ്ഞതാണ് ഇതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സിസ്റ്റര്‍ അഭയക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ നായ്ക്കംപറമ്പിലിനെതിരെ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ശ്രമമമാണ് നുണപ്രചരണമെന്ന് ജോമോന്‍ പുത്തന്‍ പുരക്കല്‍.

'അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടി ന്യായികരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ:മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ', ജോമോന്‍ പുത്തന്‍ പുരക്കല്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ പ്രസംഗത്തില്‍ പറഞ്ഞത്

'അടുത്ത ദിവസങ്ങളില്‍ ഒരു വാട്‌സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. അത് മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു.

അന്ന് തൊട്ട് കൊലപാതകമാണെന്ന്, 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല.' 28 കൊല്ലമായി ഞാന്‍ ശുദ്ധീകരണ സ്ഥലത്തിലാണ് എന്നും അഭിയ പറഞ്ഞതായി ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ അവകാശപ്പെടുന്നു. അത് കേട്ടപ്പോള്‍ തനിക്ക് സന്തോഷമായെന്നും, വിശ്വസിക്കാന്‍ കൊള്ളാവുന്ന സന്ദേശമാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

Father Mathew Naikamparambil Insults Sister Abhaya

Related Stories

No stories found.
logo
The Cue
www.thecue.in