ആറ് ആഴ്ച കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ട് വാങ്ങി;നാട്ടുകാര്‍ കളിയാക്കി; ധാത്രിക്കെതിരെ പോരാടിയ ഫ്രാന്‍സിസ് വടക്കന്‍

ആറ് ആഴ്ച കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ട് വാങ്ങി;നാട്ടുകാര്‍ കളിയാക്കി; ധാത്രിക്കെതിരെ പോരാടിയ ഫ്രാന്‍സിസ് വടക്കന്‍

ആറ് ആഴ്ച കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ടാണ് ധാത്രി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിച്ചതെന്നും മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ലെന്നും നിയമപോരാട്ടം നടത്തി വിജയിച്ച ഫ്രാന്‍സിസ് വടക്കന്‍. തുടര്‍ച്ചയായി ഹെയര്‍ ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാര്‍ കളിയാക്കി. ഇതോടെ പോരാടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഫ്രാന്‍സിസ് പറഞ്ഞു. ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

2013 മുതല്‍ ധാത്രി ഉപയോഗിച്ചു. ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ധാത്രിക്ക് നോട്ടീസ് അയച്ചു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിന് പിന്നാലെ കമ്പനി പരസ്യം ഒഴിവാക്കി. ധാത്രിക്കെതിരെ പരാതി നല്‍കാനോ നഷ്ടപരിഹാരം ആവശ്യപ്പെടാനോ അവകാശമില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. കോടതിയെ സമീപിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ മറുപടി ലഭിച്ചതിന് ശേഷം അഭിഭാഷകനെ കണ്ട് നിയമനടപടി സ്വീകരിച്ചു. നടന്‍ അനൂപ് മേനോന്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി അനൂപിന്റെ വീട്ടിലെത്തി. കേസ് കൊടുത്തതെന്തിനാണെന്നായിരുന്നു അനൂപ് മേനോന്റെ ചോദ്യം. താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചി തരുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും അനൂപ് മേനോന്‍ കോടതിയെ അറിയിച്ചുവെന്നും ഫ്രാന്‍സിസ് പറയുന്നു.

ഗുണനിലവാരം നോക്കിയല്ല പലരും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. പണത്തിന് വേണ്ടിയല്ല താന്‍ നിയമനടപടി സ്വീകരിച്ചത്. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനായിട്ടായിരുന്നു ശ്രമമെന്നും ഫ്രാന്‍സിസ് പറയുന്നു.

The Cue
www.thecue.in