'പ്രതിപക്ഷത്തെയും ബിജെപിയെയും ഉണര്‍ത്തിയെടുക്കാനായിരുന്നു ഏഷ്യാനെറ്റ് സര്‍വേ', പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമെന്ന് പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

'പ്രതിപക്ഷത്തെയും ബിജെപിയെയും ഉണര്‍ത്തിയെടുക്കാനായിരുന്നു ഏഷ്യാനെറ്റ് സര്‍വേ', പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമെന്ന് പിണറായി വിജയന്‍

മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതിരുന്ന പ്രതിപക്ഷത്തെയും ബി.ജെ.പിയെയും ഉണര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു സര്‍വേയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംതൃപ്തി ഉള്ളവരാണ്. ഈ സര്‍ക്കാര്‍ തുടര്‍ന്നാല്‍ അത് നാടിനാകെ ഗുണകരമാവും എന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പേ അത്തരമൊരു സര്‍വേ പുറത്തിറക്കിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതെ ഇരുന്ന പ്രതിപക്ഷത്തെയും ബിജെപിയെയും ഉണര്‍ത്തിയെടുക്കാനുദ്ദേശിച്ച ഒന്നായിരുന്നു ആ സര്‍വേ. പിന്നീടിങ്ങോട്ടുള്ള നാളുകളില്‍ നടന്ന നാടകങ്ങളും വാര്‍ത്താ കോലാഹലങ്ങളുമൊക്കെ നിരീക്ഷിച്ചാല്‍ ആര്‍ക്കുമത് ബോധ്യമാകും. ആ സര്‍വേയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് ആ സര്‍വേയെത്തുടര്‍ന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങളില്‍ നിന്ന് വ്യക്തമാകും. ആ സര്‍വേയ്ക്കൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. കൃത്യമായി അവര്‍ ആ ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിനു ശേഷം സംഘടിപ്പിച്ചിട്ടുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് പിണറായി വിജയന്‍ നല്‍കിയ മറുപടി. അന്വേഷണം നടക്കട്ടെ, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. എന്നാല്‍, അന്വേഷണത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളില്‍ കൈകടത്തുന്നത് ശരിയായ സമീപനമല്ല; ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. നേരത്തെ നമ്മള്‍ പരാമര്‍ശിച്ച ലൈഫ് പദ്ധതിക്കെതിരെ ഒരന്വേഷണം നടത്താന്‍ ശ്രമിച്ചത് ആ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്, അവയുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ്. കോടതിതന്നെ ആ ശ്രമത്തെ തടഞ്ഞുവെന്നും മുഖ്യമന്ത്രി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമായ കേരളത്തില്‍ എല്ലാവര്‍ക്കും മികച്ച ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, അതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കലാണ് കെഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Against Asianet Survey

Related Stories

The Cue
www.thecue.in