ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു, നായര്‍, ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറുന്നത് പരിശോധിക്കണമെന്ന് സി.പി.എം

ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു, നായര്‍, ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറുന്നത് പരിശോധിക്കണമെന്ന് സി.പി.എം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്ന് സി.പി.എം വിലയിരുത്തല്‍. ക്രൈസ്തവ, മുസ്ലീം മേഖലയില്‍ സ്വീധീനമുണ്ടാക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. തദ്ദേശവോട്ടിന്റെ രാഷ്ട്രീയം പ്രതീക്ഷ നല്‍കുന്നതാണെന്നും സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി. ഓരോ ജില്ലയില്‍ നിന്നുമുള്ള തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.

നായര്‍, ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറുന്നത് പരിശോധിക്കണം. എന്നാല്‍ ബി.ജെ.പിക്ക് ആശങ്കാജനകമായ വളര്‍ച്ച കൈവരിക്കാനായിട്ടില്ല. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ഘടകമെന്നാണ് സംസ്ഥാന സമിതിയും വിലയിരുത്തിയത്. ഇത്തരം പദ്ധതികള്‍ തുടരേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു.

യു.ഡി.എഫില്‍ നിന്ന് ക്രൈസ്തവവിഭാഗം അകല്‍ച്ച കാണിച്ചെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. മുസ്ലീം വര്‍ഗീയത പ്രശ്‌നമായി ഉയരുമ്പോള്‍ ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി മാറുമോയെന്ന ആശങ്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. ഇത് ഇടതുപക്ഷത്തിന് അനുകൂലമായി മാറി. മുസ്ലിം ലീഗിന് മാത്രമാണ് യു.ഡി.എഫില്‍ നേട്ടമുണ്ടാക്കാനായതെന്നും വിലയിരുത്തലുണ്ടായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു. പ്രാദേശിക തലത്തിലെ തര്‍ക്കങ്ങള്‍ ഗൗരവത്തോടെ പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം.

CPIM State Committee Analysis Report About Local Body Election

Related Stories

The Cue
www.thecue.in