'കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുത്'; ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

'കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുത്'; ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ കുറഞ്ഞത് രണ്ട് മാസത്തേക്കെങ്കിലും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. റഷ്യയില്‍ അംഗീകാരം ലഭിച്ച സ്പുട്‌നിക്-5 വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കുന്നത് ഒഴിവാക്കണമെന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാക്‌സിന്‍ ഫലപ്രദമാകാന്‍ 42 ദിവസത്തേക്ക് ആളുകള്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്‍ എടുത്തതിന് ശേഷവും തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം, ഫെയ്‌സ് മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, മറ്റുള്ളവരുമായുള്ള കോണ്‍ടാക്ടുകള്‍ കുറയ്ക്കണം, മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും ഉപപ്രധാനമന്ത്രി ഒരു റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റഷ്യയിലെ ഉപഭോക്തൃസുരക്ഷാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി അന്ന പൊപോവയും മദ്യം ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. മദ്യം കഴിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, ആരോഗ്യത്തോടെയിരിക്കാനും ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മദ്യം ഒഴിവാക്കണമെന്ന് പൊപോവ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റഷ്യ. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം റഷ്യന്‍ പൗരന്മാരെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റഷ്യന്‍ ആരോഗ്യ അധികൃതരുടെ കണക്ക് അനുസരിച്ച് ഒരുലക്ഷത്തോളം ആളുകള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. സ്പുട്‌നിക് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in