ശ്രീവാസ്തവയ്ക്ക് ഒരു റോളുമില്ല, വിജിലന്‍സ് നടപടി സ്വാഭാവികം; 'മാധ്യമ സിന്‍ഡിക്കേറ്റ്' വാദവുമായി മുഖ്യമന്ത്രി

ശ്രീവാസ്തവയ്ക്ക് ഒരു റോളുമില്ല, വിജിലന്‍സ് നടപടി സ്വാഭാവികം; 'മാധ്യമ സിന്‍ഡിക്കേറ്റ്' വാദവുമായി മുഖ്യമന്ത്രി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് ഒരു റോളുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യം ശ്രീവാസ്തവ ചെയ്തുവെന്ന് വരുത്താനാണ് മാധ്യങ്ങളുടെ ശ്രമം. ഇതടക്കം പല കാര്യങ്ങളും ശ്രീവാസ്തവയുടെ നിര്‍ദേശമനുസരിച്ച് വന്നതാണെന്ന്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്ന നിലയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ സിന്‍ഡിക്കേറ്റ് തിരിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. നിങ്ങള്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച കാലത്ത് അങ്ങനെയൊരു റിപ്പോര്‍ട്ട് സൃഷ്ടിക്കുന്ന നിലയുണ്ടായിരുന്നു. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം തന്നെയാണ് അത് ചെയ്തിരുന്നത്. അന്ന് നേതൃത്വം കൊടുത്തവരില്‍ പലരും ഇപ്പോള്‍ ഇല്ല. പിന്നെ അവര്‍ തന്നെ സ്വഭാവം മാറ്റുകയും ചെയ്തിരുന്നു. പക്ഷേ നിങ്ങളിലേക്ക് ആ സ്വഭാവം വീണ്ടും വരുന്നു എന്നാണിത് കാണിക്കുന്നത്. നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഓര്‍ഡിനന്‍സ് വിഷയത്തിലും അതാണ് കണ്ടത്. അത് മുഴുവന്‍ ഉപദേശകന്‍ ചെയ്തുവെച്ച വിനയാണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടന്നത്, വേണ്ടത്ര ആലോചന അദ്ദേഹം നടത്തിയില്ല എന്നെല്ലാം ഞാന്‍ പറഞ്ഞുവെന്ന് കുറേ പേര്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പൂര്‍ണമായും കള്ളമായ ഒരു കാര്യമാണത്. മന്ത്രിസഭയില്‍ നടന്നിട്ടില്ലാത്തത്. ഒരാള്‍ക്കും ഊഹം പോലും ഇല്ലാത്തൊരു കാര്യം മാധ്യമങ്ങള്‍ പടച്ചുണ്ടാക്കി. എന്താണ് മാധ്യമങ്ങളുടെ ഉദ്ദേശം. ആ വാര്‍ത്തയിലൂടെ ഈ കാര്യങ്ങളില്‍ തെറ്റായ കാര്യം ശ്രീവാസ്തവ ചെയ്തു എന്ന് വരുത്തലാണത്. കെഎസ്എഫ്ഇ വിഷയം വന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ശ്രീവാസ്തവയുടെ ഭാഗമായിട്ട് വന്നതാണെന്നും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണെന്നും പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ 2019 ല്‍ പതിനെട്ടും 2020 ല്‍ ആറുമായി 24 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഈ മിന്നല്‍ പരിശോധനകള്‍ ശ്രീവാസ്തവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലല്ലോ. അതിന് വിജിലന്‍സിന് അവരുടേതായ ക്രമമുണ്ട്. അതില്‍ ശ്രീവാസ്തവയ്ക്ക് ഒരു റോളുമില്ല. ഉപദേഷ്ടാവിന്‌ ഇതില്‍ ഒരു പങ്കും വഹിക്കാന്‍ കഴിയില്ല. പൊലീസിന്റെയോ, വിജിലന്‍സിന്റെയോ ജയിലിലന്റെയോ ഫയര്‍ഫോഴ്‌സിന്റെയോ, ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും ദൈനംദിന വിഷയത്തിലോ ഉപദേശകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. നേരിട്ട് ഒരു കാര്യവും നിയന്ത്രിക്കാനാകില്ല. ആരും റിപ്പോര്‍ട്ട് ചെയ്യേണ്ടതുമില്ല. ആരും അദ്ദേഹത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമില്ല. പിന്നെന്തിനാണ് പച്ചക്കള്ളം പടച്ചുവിടുന്നത്. വടകരയില്‍ നിന്നൊരാള്‍ പരാതി കൊടുത്തെന്നും ആര്‍ക്കുവേണ്ടിയാണോ ബിനാമിയായത് അയാള്‍ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളാണെന്നുമൊക്കെ നിങ്ങളില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ വടകരയില്‍ നിന്ന്‌ അങ്ങനെയൊരു പരാതി ഉണ്ടായിട്ടില്ലെന്ന്‌ വിജിലന്‍സില്‍ നിന്ന് അറിഞ്ഞു. പക്ഷേ പിന്നീട് അവര്‍ ഒരു റിപ്പോര്‍ട്ട് തന്നു.

വടകര ചോറോട് സ്വദേശി സത്യന്‍ കെഎസ്എഫ്ഇയുടെ വടകര ബ്രാഞ്ചില്‍ നിന്ന് 2018 മാര്‍ച്ച് മൂന്നിന് 6.58 ലക്ഷം വായ്പയെടുത്തിരുന്നു. അതിന് നല്‍കിയ വസ്തു ഈട് ഉപയോഗിച്ച് അയാളുടെ അനുവാദമില്ലാതെ വടകരയിലെ കെഎസ്എഫ്ഇ മാനേജരുടെ ഒത്താശയോടെ സത്യന്റെ വ്യാജ ഒപ്പിട്ട് അദ്ദേഹത്തിന്റെ ബിസിനസ് പാര്‍ട്ണറും കൊല്ലം സ്വദേശിനിയുമായ വീണ 2018 മെയ് 15 ന് 9.25 ലക്ഷം ലോണ്‍ നേടി. അതേ പറ്റി അന്വേഷിക്കാന്‍ സത്യന്‍ വിജിലന്‍സിന് പരാതി കൊടുത്തു. അതില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ആ പറയുന്ന ബിനാമിയുമായി മറ്റ് കാര്യങ്ങളില്ലെന്ന് വ്യക്തമാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ മനസ്സിലുള്ള കാര്യം തന്റെയോ ഇടതുമുന്നണിയുടേയോ തലയില്‍ വെച്ച് കെട്ടുകയെന്നത് പണ്ട് നിങ്ങള്‍ ചെയ്തതാണ്. ഇപ്പോള്‍ വീണ്ടും ചെയ്യണമെന്ന് മോഹമുണ്ടെങ്കില്‍ ഞാനതിന് എതിരല്ല. പക്ഷേ അത് നല്ല കാര്യമല്ല. അത് നേരത്തേ പൊളിഞ്ഞുപോയതാണ്. അത് വീണ്ടും തുടങ്ങേണ്ട. ഉപേക്ഷിക്കുന്നതാണ് നല്ലത്. ഞാനോ ഐസക്കോ ആനന്ദനോ തമ്മില്‍ എന്തെങ്കിലും ഭിന്നതയുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan Slams Media Over KSFE Controversy

Related Stories

No stories found.
logo
The Cue
www.thecue.in