സ്വപ്‌നയുടെ ശബ്ദരേഖ: അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത്

സ്വപ്‌നയുടെ ശബ്ദരേഖ: അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് കത്ത് നല്‍കി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗും ഇ.ഡിയുടെ കത്ത് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പൊലീസ് മേധാവിയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ഓഡിയോ ദ ക്യുവായിരുന്നു ആദ്യം നല്‍കിയിരുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന് മറുപടി നല്‍കാന്‍ അന്വേഷണം നടത്തണമെന്നാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ ആവശ്യം. ശബ്ദം തന്റെതാണെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. ശബ്ദം പുറത്തായത് ജയിലില്‍ നിന്നല്ലെന്നാണ് ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ജയിലില്‍ നിന്നാണെന്ന സംശയത്തിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ജയില്‍വകുപ്പിന് കത്ത് നല്‍കിയത്.

ജയില്‍ ഡി.ഐ.ജി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. കേസ് അന്വേഷിക്കാനാവില്ലെന്നും നിയമലംഘനമില്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം. ശബ്ദരേഖ വ്യാജമാണെന്ന് സ്വപ്‌ന പറയാത്തിടത്തോളം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാവില്ലെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

Related Stories

The Cue
www.thecue.in