ജയശങ്കര്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല ; ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നിന്ന് എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയി

ജയശങ്കര്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല ; ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നിന്ന് എ.എന്‍ ഷംസീര്‍ ഇറങ്ങിപ്പോയി

അഡ്വ. എ ജയശങ്കര്‍ പാനലില്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വിശദീകരിച്ച് സിപിഎം പ്രതിനിധി എ.എന്‍ ഷംസീര്‍ എംഎല്‍എ ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ നിന്ന് ഇറങ്ങിപ്പോയി. പാലാരിവട്ടംപാലം അഴിമതിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു വിനു വി ജോണ്‍ നയിച്ച ചര്‍ച്ച. അറസ്റ്റിലായത് അഴിമതി വീരനോ, ലീഗ് എംഎല്‍എമാര്‍ വീഴുന്നുവോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ന്യൂസ് അവര്‍.

മുസ്ലിം ലീഗ്, സിപിഎം,ബിജെപി പ്രതിനിധികള്‍ക്ക് പുറമെ എ ജയശങ്കറും പാനലില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ചോദ്യമുന്നയിച്ചപ്പോള്‍ തന്നെ, സിപിഎം പ്രതിനിധി എന്ന നിലയില്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്ന് ഷംസീര്‍ പറഞ്ഞു. എ ജയശങ്കറുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഏഷ്യാനെറ്റിനെ പാര്‍ട്ടി നേരത്തേ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ഷംസീറിന്റെ മറുപടി. എന്നാല്‍ അങ്ങനെയുള്ളതായി തനിക്ക് അറിയില്ലെന്ന് പറഞ്ഞ വിനു വി ജോണ്‍, ഷംസീറിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മറുപടി നല്‍കി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യത്തിന് അനുസരിച്ച് പാനല്‍ ഉണ്ടാക്കാനാവില്ലെന്നും വിനു വി ജോണ്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിരന്തരം ഇടപെട്ട് തടസപ്പെടുത്തുന്നുവെന്നും സിപിഎം പ്രതിനിധികള്‍ക്ക് സമയം നല്‍കുന്നില്ലെന്നും ആരോപിച്ച് സിപിഎം ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകള്‍ നേരത്തേ ബഹിഷ്‌കരിച്ചിരുന്നു. ജൂലൈ അവസാനം മുതല്‍ ഒക്ടോബര്‍ പകുതിയോളം വരെ ഇത് തുടര്‍ന്നു. ഒടുവില്‍ എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ വന്നുകണ്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കല്‍ പിന്‍വലിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. ജയശങ്കര്‍ പാനലില്‍ ഉണ്ടെങ്കില്‍ സിപിഎം പ്രതിനിധി പങ്കെടുക്കില്ലെന്ന് അപ്പോഴേ അറിയിച്ചിട്ടുണ്ടെന്നാണ് എ.എന്‍ ഷംസീര്‍ പറയുന്നത്. എന്നാല്‍ അങ്ങനയുള്ളതായി തനിക്ക് അറിവില്ലെന്ന് വിനു വി ജോണും വിശദീകരിക്കുന്നു.

Related Stories

The Cue
www.thecue.in