'അവസരം മേല്‍ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രം'; ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ടെന്ന് കലാകാരന്മാര്‍

'അവസരം മേല്‍ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രം'; ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ടെന്ന് കലാകാരന്മാര്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് അപ്രഖ്യാപിത ജാതിഭ്രഷ്ടെന്ന പരാതിയുമായി കലാകാരന്മാര്‍. ക്ഷേത്രത്തിനകത്ത് മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്മാര്‍ക്ക് മാത്രമാണ് അവസരമുള്ളതെന്നാണ് ആരോപണം. വിശേഷാവസരങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്ക്കും കലാകാരന്മാരെ ക്ഷണിച്ചുകൊണ്ടു വരുന്നത് ജാതിസമവാക്യങ്ങള്‍ നോക്കിയാണ്. ദളിത് വിഭാഗക്കാര്‍ക്ക് ക്ഷേത്രത്തിനകത്തെ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നും കലാകാരന്മാര്‍ പറയുന്നു.

ദളിത് വിഭാഗത്തില്‍ പെട്ട തന്നെ പലപ്പോഴും ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്ന് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ കൊട്ടിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോടത്ത്.

വാദ്യകലാകാരന്മാരായ കലാമണ്ഡലം രാജന്‍, ചൊവ്വല്ലൂര്‍ സുനില്‍, ഇരിങ്ങപ്പുറം ബാബു എന്നിങ്ങനെ നിരവധി പേര്‍ക്കും ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലവട്ടം ഇക്കാര്യം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും കലാകാരന്മാര്‍ പറയുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. അതേസമയം വിഷയം ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടതെന്നും, ജാതിവിവേചനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കി.

AD
No stories found.
The Cue
www.thecue.in