'വിമന്‍ ഓഫ് ദ ഇയര്‍', വോഗ് കവര്‍ ചിത്രമായി കെ.കെ.ശൈലജ; കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്ന് ലേഖനം

'വിമന്‍ ഓഫ് ദ ഇയര്‍', വോഗ് കവര്‍ ചിത്രമായി കെ.കെ.ശൈലജ; കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്ന് ലേഖനം

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ആദരവുമായി പ്രമുഖ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ വോഗ്. മാഗസിന്റെ നവംബര്‍ ആദ്യ എഡിഷനില്‍ കവര്‍ ഫോട്ടോ ആയി നല്‍കിയിരിക്കുന്നത് കെ.കെ.ശൈലജയുടെ ചിത്രമാണ്. മാത്രമല്ല നിപ്പ വൈറസും, കൊറേണ വൈറസുമടക്കം കേരളത്തിലെ ആരോഗ്യ രംഗം നേരിട്ടതിനെ കുറിച്ചും മന്ത്രിയുടെ ഇടപെടലിനെ കുറിച്ചും വിശദീകരിക്കുന്ന വിശദമായ കവര്‍ സ്റ്റോറിയും മാഗസിനിലുണ്ട്.

അന്താരാഷ്ട്ര ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍ മാഗസിനായ വോഗ് 'വിമന്‍ ഓഫ് ദ ഇയര്‍ 2020' എന്ന തലക്കെട്ടോടെയാണ് ആരോഗ്യമന്ത്രിയുടെ ചിത്രം കവര്‍ ഫോട്ടോയാക്കിയത്. വോഗ്-ന്റെ വിമന്‍ ഓഫ് ദ ഇയര്‍ 2020 അവസാന പട്ടികയില്‍ കെ.കെ.ശൈലജയും ഇടം പിടിച്ചിട്ടുണ്ട്. കൊവിഡ് 19-നെതിരായ കേരളത്തിന്റെ പോരാട്ടമാണ് കെ.കെ.ശൈലജയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കിയതെന്ന് വോഗ് മാഗസിന്‍ ലേഖനം പറയുന്നു.

രണ്ട് പ്രളയങ്ങള്‍, ചുഴലിക്കാറ്റ്, നിപ്പ വൈറസ്, കൊറോണ വൈറസ് എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേരിടേണ്ടി വന്നു. ലോകാരോഗ്യ സംഘടന കൊവിഡ് 19-നെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുമ്പേ കേരള സര്‍ക്കാര്‍ മികച്ച മുന്‍കരുതല്‍ നടപടി ആരംഭിച്ചു.

മികച്ച ആസൂത്രണവും നടപടികളും മൂലം കേരളത്തിലെ കേസുകള്‍ ഒരുസമയം പൂജ്യത്തിലെത്തി. 'കൊറോണ വൈറസിന്റെ ഘാതകന്‍' എന്നാണ് കേരളത്തിലെ ആരോഗ്യമന്ത്രി വിശേഷിപ്പിക്കപ്പെട്ടത്. യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതോടെയും, ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെയും കേരളത്തിലെ കേസുകള്‍ വര്‍ധിച്ചുവെന്നും വോഗ് ലേഖനം പറയുന്നു. കൊവിഡിനെ നേരിട്ടതില്‍ കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്നാണ് ലേഖനം വിശേഷിപ്പിക്കുന്നത്.

കെ.കെ.ശൈലജയുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ആര്‍. സുനില്‍ പകര്‍ത്തിയ കെ.കെ ശൈലജയുടെ ചിത്രമാണ് വോഗ് കവര്‍ സ്റ്റോറിയായി നല്‍കിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ജൂണില്‍ പകര്‍ച്ച വ്യാധി ഫലപ്രദമായി കൈകാര്യം ചെയ്തതില്‍ യുഎന്‍ കെ.കെ.ശൈലജയെ ആദരിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കുന്ന വോഗ് വാരിയേഴ്‌സ് ലിസ്റ്റിലും കേരളത്തിന്റെ ആരോഗ്യമന്ത്രി ഇടംപിടിച്ചിരുന്നു.

'വിമന്‍ ഓഫ് ദ ഇയര്‍', വോഗ് കവര്‍ ചിത്രമായി കെ.കെ.ശൈലജ; കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്ന് ലേഖനം
കൊവിഡിനെതിരായ പോരാട്ടമാതൃക; VogueWarriors പട്ടികയില്‍ ശൈലജ ടീച്ചര്‍

KK Shailaja Vogue Magazine's Woman Of The Year

Related Stories

No stories found.
logo
The Cue
www.thecue.in