ശിവശങ്കര്‍ അഞ്ചാം പ്രതി ; ഒരാഴ്ചത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍

ശിവശങ്കര്‍ അഞ്ചാം പ്രതി ; ഒരാഴ്ചത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അഞ്ചാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ശിവശങ്കറിനെ പ്രതിചേര്‍ത്ത കാര്യം ഇ.ഡി അറിയിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കടുത്ത നടുവേദനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യല്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഇടവേള അനുവദിക്കണം. രാവിലെ 9 മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് 6 മണിക്ക് ശേഷം ചോദ്യം ചെയ്യല്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 14 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരാഴ്ചയായി ചുരുക്കുകയായിരുന്നു. നടുവേദനയുള്ളതിനാല്‍ ഇടയ്ക്ക് കിടക്കാന്‍ അനുവദിക്കണമെന്ന് ശിവശങ്കര്‍ മജിസ്‌ട്രേട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഒരു മണിക്കൂര്‍ ഇടവേള നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തടസപ്പെടാത്ത രീതിയില്‍ ആയുര്‍വേദ ചികിത്സയാകാമെന്നും കോടതി അറിയിച്ചു. ഭാര്യ, സഹോദരന്‍, അനന്തരവന്‍ എന്നിവരെ കാണാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്തമാസം 4 ന് കോടതി പരിഗണിക്കും.

അതേസമയം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന ശിവശങ്കറിന്റെ വാദം കളവാണെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇ.ഡി രാവിലെ വിശദീകരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കര്‍ നിയന്ത്രിച്ചതായും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെയായിരുന്നു ഇതെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്.

M Shivashankar Remanded in ED Custody For 7 Days

The Cue
www.thecue.in