ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ; ശിവശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ; ശിവശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കര്‍ ഐഎഎസിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേരത്തേ പിആര്‍എസ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാമില്‍ വ്യക്തമായിട്ടുണ്ട്.

എന്നാല്‍ നടുവേദനയും പുറം വേദനയുമുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം മാറ്റിയത്. നടുവേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ. ഡിസ്‌കിന് തകരാറുണ്ടെന്ന് എംആര്‍ഐ സ്‌കാനിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

അതേസമയം ആംബുലന്‍സില്‍ അദ്ദേഹത്തെ മാറ്റുന്നത് ചിത്രീകരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ ജീവനക്കാരുടെ കയ്യേറ്റമുണ്ടായി. ഇത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Related Stories

The Cue
www.thecue.in