'സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം'; നടപടി വേണമെന്ന് ആവശ്യം
'സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം'; നടപടി വേണമെന്ന് ആവശ്യം

സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്. എല്ലാ ബാങ്ക് ശാഖകളിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് മൂലം ഇടപാടുകാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറയ്ക്കാനും, ഇടപാട് സമയം ലഘൂകരിക്കുന്നതിനുമുള്‍പ്പടെ അടിയന്തര നടപടി വേണമെന്നും ഉദ്യോഗസ്ഥരുടെ സംഘടന ആവശ്യപ്പെടുന്നു.

'അത്യാവശ്യമില്ലാത്ത ബാങ്കിങ് സേവനങ്ങള്‍ക്ക് ഇടപാടുകാര്‍ വലിയ തോതില്‍ ശാഖകളിലേക്ക് വരുന്നത് ബാങ്കുകളില്‍ തിരക്ക് വര്‍ധിക്കുന്നതിന് ഇടയാക്കുന്നു. ബാങ്ക് ശാഖകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തത് മൂലം ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആയിരത്തോളം ജീവനക്കാര്‍ക്ക് കേരളത്തില്‍ ഇത് വരെ കൊവിഡ് ബാധിച്ചു കഴിഞ്ഞു. രണ്ടു ബാങ്ക് ജീവനക്കാര്‍ ഇതിനകം മരണമടഞ്ഞു. അതിനോടൊപ്പം ജീവനക്കാര്‍ക്ക് രോഗം ബാധിക്കുകയാണെങ്കില്‍, സഹ ജീവനക്കാര്‍ ക്വാറന്റീനില്‍ പോകേണ്ടി വരുന്നത് മൂലം പല ശാഖകളിലും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് ഇടപാടുകര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

നല്ലൊരു പങ്ക് ബാങ്ക് ശാഖകളും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. അതുപോലെ മിക്കവാറും ശാഖകള്‍ ചെറിയ ഫ്‌ളോര്‍ ഏരിയയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ പോകുന്നു. ഇത് രോഗവ്യാപനം രൂക്ഷമാക്കാന്‍ ഇടയാക്കി', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കി ഇടപാടുകള്‍ നടത്തുക, അത്യാവശ്യ സേവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രം ഇടപാടുകാര്‍ ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കുക എന്നീ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും , അത് പൊതു ജനങ്ങളെ അറിയിക്കണമെന്നും നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയും തടസ്സമില്ലാതെ ബാങ്കിങ് സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും അന്‍പത് ശതമാനം ജീവനക്കാര്‍ ഒരു ദിവസം ജോലിക്ക് വരേണ്ടതുള്ളൂ എന്ന നിബന്ധന നടപ്പിലാക്കണമെന്നും, ഇടപാട് സമയം ലഘൂകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

Related Stories

The Cue
www.thecue.in