'സജനയ്ക്ക് അടിയന്തരമായി സുരക്ഷയും സാമ്പത്തിക സഹായവും'; അതിക്രമം അംഗീകരിക്കാനാകില്ലെന്ന് കെകെ ശൈലജ

'സജനയ്ക്ക് അടിയന്തരമായി സുരക്ഷയും സാമ്പത്തിക സഹായവും'; അതിക്രമം അംഗീകരിക്കാനാകില്ലെന്ന് കെകെ ശൈലജ

ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്നതിനിടെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം നേരിടേണ്ടി വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി സജനയ്ക്ക് അടിയന്തര സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി കെകെ ശൈലജ. സജനയ്ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും.

സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മുഖാന്തരം പ്രശ്നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in