സംഘപരിവാറിന്റെ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണം; ഗുണ്ടാലിസ്റ്റിലുള്ളവരെ അകത്തിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഹരീഷ് വാസുദേവന്‍

സംഘപരിവാറിന്റെ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണം; ഗുണ്ടാലിസ്റ്റിലുള്ളവരെ അകത്തിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഹരീഷ് വാസുദേവന്‍

സംഘപരിവാര്‍ സംഘടനകളുടെ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുടെ പണിയെടുക്കണം. ആയുധശേഖരങ്ങള്‍ പിടിച്ചെടുക്കണം. ഗുണ്ടാ ലിസ്റ്റില്‍ ഉള്ളവരെ കാപ്പ ചുമത്തി അകത്തിടണം. കണ്ണൂരില്‍ നേരത്തെ അങ്ങനെ ചെയ്തപ്പോളാമ് കൊലപാതക പരമ്പര ഒന്നടങ്ങിയതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

കൊലപാതക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്ന് ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെയും സര്‍ക്കാര്‍ ആശുപത്രിയിലെയും പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ചുമതലയിലായിരുന്നു സനൂപ്. ഇത്തരം മനുഷ്യര്‍ ഏത് പാര്‍ട്ടിയിലായാലും നഷ്ടം സമൂഹത്തിനാണ്. സംഘപരിവാറിന്റെ കൊലപാതകത്തെ അപലപിക്കാത്ത മാധ്യമങ്ങളും അതിലെ നിശബ്ദരായ വായനക്കാരും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അങ്ങേയറ്റം അപലപിക്കുമ്പോഴും, മാധ്യമങ്ങള്‍ അതില്‍ പക്ഷപാതിത്വം കാട്ടുന്നു എന്ന് സിപിഎം സുഹൃത്തുക്കള്‍ നിരന്തരം പരാതി പറയാറുണ്ട്. ഒരു പ്രദേശത്തെ സിപിഎമ്മുകാരെ ഏകപക്ഷീയമായി കൊല്ലുമ്പോള്‍ വാര്‍ത്ത ഉള്‍പ്പേജില്‍ അപ്രധാനമായി മാറുമെന്നും കൊല്ലപ്പെടുന്നത് ആര്‍എസ്സുകാരോ കൊണ്ഗ്രസുകാരോ ലീഗുകാരോ ആണെങ്കില്‍ സിപിഎമ്മിനെതിരെ അത് ഒന്നാം പേജ് ലീഡും മുഖപ്രസംഗവും ഒക്കെ ആകുമെന്നും അവര്‍ കുറ്റപ്പെടുത്താറുണ്ട്. ഞാനവരോട് തര്‍ക്കിക്കുകയാണ് പതിവ്. എല്ലാത്തരം രാഷ്ട്രീയ കൊലപാതകങ്ങളും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്ന്.

എന്നാല്‍ ഇന്ന് കുന്നംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ, 26 വയസ്സുള്ള സനൂപിനെ, വെട്ടിക്കൊന്ന വാര്‍ത്ത ഉള്‍പ്പേജില്‍ അപ്രധാനമായി കണ്ടു. 'കുത്തേറ്റു മരിച്ചു' എന്നതും 'കുത്തിക്കൊന്നു' എന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

കൊന്നതാര് എന്നതിനെപ്പറ്റി ഒരുവരി കൊടുത്തെന്നു വരുത്തിയിട്ടുണ്ട് മനോരമ. മാതൃഭൂമിയില്‍ അതുമില്ല. കൊല്ലപ്പെടുന്നത് സിപിഎം ആകുമ്പോള്‍ കൊന്നതാര് എന്ന് പറയാന്‍ മാധ്യമങ്ങള്‍ക്ക് മടിയുണ്ട് എന്ന വാദം ഇപ്പോഴെനിക്ക് അംഗീകരിക്കേണ്ടി വരുന്നു.

ഇരൂപക്ഷ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതല്ല, ഏകപക്ഷീയമായ ആക്രമണം ആയിരുന്നു. കൂടെയുള്ള എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കണമെങ്കില്‍, അത് വെറും കുത്തല്ല, കൊല്ലാന്‍ ഉറച്ച ട്രെയിന്‍ഡ് കുത്താണ് അത്. ഇതൊരു ആസൂത്രിത കൊലപാതകമാണ്.

മെഡിക്കല്‍ കോളേജിലെയും സര്‍ക്കാര്‍ ആശുപത്രിയിലെയും അശരണരായ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ വ്യാപൃതനായിരുന്നു സനൂപ്. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചിട്ടും സമൂഹത്തിനു വേണ്ടി ജീവിച്ചവന്‍. നഷ്ടം ഇജകങ നു മാത്രമല്ല. ഇത്തരം മനുഷ്യര്‍ ഏത് പാര്‍ട്ടിയില്‍ ആയാലും അവരുടെ നഷ്ടം സമൂഹത്തിനാകെ ആണ്.

ഇക്കാര്യത്തില്‍ അക്രമരാഷ്ട്രീയത്തെ പൊതുവില്‍ അപലപിച്ചാല്‍ പോരാ, പല പേരുകളില്‍ നടക്കുന്ന സംഘപരിവാറിന്റെ കൊലപാതകത്തെ പേരെടുത്ത് അപലപിക്കണം. അല്ലാത്ത മാധ്യമങ്ങളും അവരുടെ നിശബ്ദ വായനക്കാരും കാണിക്കുന്നത് ഇരട്ടത്താപ്പ് ആണ്.

മുഖ്യമന്ത്രിയോട് പറയാന്‍ ഒന്നേയുള്ളൂ. ഇനിയൊരാള്‍ കൊലക്കത്തിക്ക് ഇരയാകാതെ ഇരിക്കണമെങ്കില്‍, ഇതിനെ വെറുതേ അപലപിച്ചാല്‍ പോരാ. ആഭ്യന്തര മന്ത്രിയുടെ പണിയെടുക്കണം. സംഘപരിവാര്‍ സംഘടനകളുടെ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണം. ആയുധശേഖരങ്ങള്‍ പിടിച്ചെടുക്കണം. ഗുണ്ടാ ലിസ്റ്റില്‍ ഉള്ളവരെ കാപ്പ ചുമത്തി അകത്തിടണം. പണ്ട് കണ്ണൂരില്‍ അത് ചെയ്തപ്പോഴാണ് അവിടെ കൊലപാതക പരമ്പര ഒന്നടങ്ങിയത്. ഇനി വൈകരുത്.

Related Stories

The Cue
www.thecue.in