സംഗീതസംവിധായകൻ സൂരജ് എസ് കുറുപ്പിനെ പരിഹസിച്ച് മോട്ടോർ വാഹന വകുപ്പ്; വീഡിയോയ്ക്ക് എതിരെ പ്രതിഷേധം

സംഗീതസംവിധായകൻ സൂരജ് എസ് കുറുപ്പിനെ പരിഹസിച്ച് മോട്ടോർ വാഹന വകുപ്പ്; വീഡിയോയ്ക്ക് എതിരെ പ്രതിഷേധം

സംഗീതസംവിധായകൻ സൂരജ് എസ് കുറുപ്പിനെ പരിഹസിച്ച് മോട്ടോർ വാഹന വകുപ്പിന്റെ വീഡിയോ. വാഹനത്തിന് അന്യായമായി പിഴ ചുമത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സൂരജ് രം​ഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് എംവിഡിയുടെ മറുപടി. സൂരജ് കാറിൽ ചാരി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. കാറിൽ അലോയ് വീൽ ഘടിപ്പിച്ചതിനാണ് പിഴ ചുമത്തിയതെന്നായിരുന്നു സൂരജിന്റെ കുറിപ്പ്. പിഴത്തുക അടച്ച വിവരം സംബന്ധിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും സൂരജ് പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ വായിക്കാൻ പ്രയാസമുള്ള മോഡിഫൈ ചെയ്ത നമ്പർ പ്ലേറ്റ് ഉപയോ​ഗിച്ചതിനാലാണ് നടപടി എടുത്തത് എന്നാണ് പൊലീസിന്റെ വാദം. സ്വന്തം തെറ്റ് മറച്ചുവെച്ച് സൂരജ് വ്യാജപ്രചരണം നടത്തുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെയ്ക്കുന്ന ആരോപണം.

ഒരാളെ പരസ്യമായി പരിഹസിക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതും സർക്കാർ ഉദ്യോ​ഗസ്ഥർക്ക് യോജിച്ചതല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രതികരിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച് കയ്യടി വാങ്ങാനുളള ശ്രമം പ്രോത്സാഹിപ്പിക്കരുതെന്നുമാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. മോട്ടോർ വാഹന വകുപ്പിന്റെ പുതുക്കിയ പരിശോധനാ നടപടികളെ കുറിച്ച് പൊതുജനത്തിന് ബോധവത്ക്കരണം നൽകണം, പിഴത്തുക മാത്രം രേഖപ്പെടുത്തിയ ഒരു സന്ദേശം അയക്കുന്ന രീതി നിർത്തണം എന്നിവയൊക്കെയാണ് ഉയർന്നുവരുന്ന ആവശ്യങ്ങൾ.

മോട്ടോർ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുണ്ടെന്ന പരാതിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്. എന്നാൽ നിയമ വിരുദ്ധമായി ഒരു പിഴയും മോട്ടോര്‍ വാഹന വകുപ്പ് ചുമത്തുന്നില്ലെന്നായിരുന്നു ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ പ്രതികരണം. സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കെതിരിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരിശോധന നടത്തിവരുന്നതെന്നാണ് വാദം. വാഹന പരിശോധന കർശനമാക്കിയതോടെ കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസത്തിനിടയിൽ നാലരക്കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്. നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തുന്നതെന്നും ആരോപണമുണ്ട്.

Related Stories

The Cue
www.thecue.in