രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, ഇന്ത്യ ടുഡേ പുരസ്‌കാരം കേരളത്തിന്

രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, ഇന്ത്യ ടുഡേ പുരസ്‌കാരം കേരളത്തിന്

ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതിനുള്ള ഇന്ത്യ ടുഡേയുടെ ഹെല്‍ത്ഗിരി പുരസ്‌കാരം കേരളത്തിന്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കേരളത്തിലെ കൊവിഡ് ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, മഹാമാരിയ്‌ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍, കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയായിരുന്നു പുരസ്‌കാരനിര്‍ണയം. ഇവ മികച്ചതെന്നും ഇന്ത്യ ടുഡേ വിലയിരുത്തി. ടെസ്റ്റിംഗ്, ഐസോലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച ചികിത്സ നല്‍കുന്നതിലും സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളും ഇന്ത്യ ടുഡേ ജൂറി പരിഗണിച്ചിരുന്നു. നൂറില്‍ 94.2 പോയിന്റാണ് കേരളത്തിന് ലഭിച്ചത്.

മികച്ച സര്‍ക്കാര്‍ ആശുപത്രി വിഭാഗത്തില്‍ ഡല്‍ഹി എയിംസും, സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ഗുരുഗ്രാമിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും, ചാരിറ്റി ആശുപത്രി വിഭാഗത്തില്‍ വെല്ലൂര്‍ സി.എം.സിയും, മികച്ച ടെസ്റ്റിംഗ് സെന്ററായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേയും തെരഞ്ഞെടുത്തു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in