'ആര്‍എസ്എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് തീപകരുന്നു'; നടക്കുന്നത് സമരാഭാസമെന്ന് കോടിയേരി

'ആര്‍എസ്എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് തീപകരുന്നു'; നടക്കുന്നത് സമരാഭാസമെന്ന് കോടിയേരി

മന്ത്രി കെടി ജലീലിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് തീപകരുകയാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു. ഖുര്‍ആനോട് ആര്‍എസ്എസിനെപ്പോലെ ഒരു അലര്‍ജി മുസ്ലീംലീഗിനും കോണ്‍ഗ്രസിനും എന്തിനാണെന്നും കോടിയേരി ചോദിക്കുന്നുണ്ട്.

നടക്കുന്നത് സമരാഭാസമെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. ഖുര്‍ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ല. കെട്ടുകഥകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള വളം ഫാക്ടറിയായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധപതിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും രാഷ്ട്രീയകള്ളക്കളിക്കുള്ള ആയുധമാക്കുകയാണെന്നും, അവഹേളനം ഖുര്‍ആനോടോ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.

ലേഖനത്തില്‍ നിന്ന്:

നാലേകാല്‍ വര്‍ഷംമുമ്പ് ജനങ്ങള്‍ അധികാരമേറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ധിച്ച ജനപിന്തുണയുണ്ടായതിനാല്‍ തുടര്‍ഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായി. അതിനാല്‍ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കൊവിഡ് നിയന്ത്രണ വ്യവസ്ഥകള്‍പോലും കാറ്റില്‍ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താന്‍വരെ അരാജക സമരക്കാര്‍ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോള്‍ റോഡിന് നടുവില്‍ മറ്റൊരു വാഹനമിട്ട് വന്‍ അപകടമുണ്ടാക്കാന്‍ നോക്കി. ഇത്തരം മുറകള്‍ കവര്‍ച്ചസംഘക്കാര്‍മാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.

2020 മാര്‍ച്ച് 4ന് യുഎഇയില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോള്‍ അതില്‍ കയറ്റി എടപ്പാള്‍, ആലത്തിയൂര്‍ എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കണ്‍വീനറും ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തത്.

ഈ വിഷയത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഖുര്‍ആന്‍ ഒരു നിരോധിത മതഗ്രന്ഥമാണോ? ഇന്ത്യയില്‍ മോദി ഭരണമുള്ളതുകൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ? കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങള്‍ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുര്‍ആനോട് ആര്‍എസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്. മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉന്‍മൂലനം ചെയ്യാന്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഈ ഹിന്ദുത്വ നയത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതാണ് മോദി സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ആ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളെ ഏത് ഘട്ടത്തിലും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിന് ഒരുമടിയും മോദി സര്‍ക്കാരിനില്ല എന്നത് ഇതിനകം തെളിയിച്ചിട്ടുള്ളതാണ്.

പക്ഷേ, ഖുര്‍ആനോട് ആര്‍എസ്എസിനെപ്പോലെ ഒരു അലര്‍ജി മുസ്ലിംലീഗിനും കോണ്‍ഗ്രസിനും എന്തിനാണ്. വരുന്ന അഞ്ച് വര്‍ഷവും അധികാരത്തില്‍നിന്ന് പുറത്തായാല്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയില്‍ ഖുര്‍ആന്‍വിരുദ്ധ ആര്‍എസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലിംലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും മത്സരിച്ച് ഒപ്പമുണ്ടുതാനും. അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സിപിഐഎം ആണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാന്‍ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണ് ഇത്.

കെ ടി ജലീലിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ആന്‍വിരുദ്ധ യുഡിഎഫ്-- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കം. സ്വര്‍ണക്കടത്തിന്റെ പേര് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന അരാജകസമരത്തിന്റെ അര്‍ഥശൂന്യത കേരളീയര്‍ മനസ്സിലാക്കുന്നുണ്ട്. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുര്‍ആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ്. ജലീലിനെ താറടിക്കാന്‍ മുസ്ലിംലീഗും കോണ്‍ഗ്രസും ആര്‍എസ്എസ് അജന്‍ഡയുടെ വക്താക്കളായിരിക്കുകയാണ്. അതുകൊണ്ടാണ് ഖുര്‍ആനെപ്പോലും തള്ളിപ്പറയുന്ന ദുഷ്ടരാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തില്‍ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്. ഇതിന്റെ ദൃഷ്ടാന്തമാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെവരെ അസംബന്ധ ആക്ഷേപങ്ങള്‍. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനല്‍ നടപടിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. തരാതരംപോലെ മന്ത്രിമാര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ത്തുന്നു. എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ തുടങ്ങിയവര്‍ക്കെല്ലാമെതിരെ തലയും വാലുമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്.

Related Stories

The Cue
www.thecue.in