സാക്ഷിയായാണ് വിളിപ്പിച്ചതെന്ന് ജലീല്‍, ചോദ്യം ചെയ്യല്‍ അല്ല മൊഴി രേഖപ്പെടുത്തലെന്നും പ്രതികരണം

സാക്ഷിയായാണ് വിളിപ്പിച്ചതെന്ന് ജലീല്‍, ചോദ്യം ചെയ്യല്‍ അല്ല മൊഴി രേഖപ്പെടുത്തലെന്നും പ്രതികരണം

എന്‍ഐഎ തന്നെ ചോദ്യം ചെയ്തതല്ല, മൊഴി എടുത്തതാണെന്ന് മന്ത്രി കെ.ടി ജലീല്‍. സാക്ഷി ആയാണ് തന്നെ വിളിപ്പിച്ചതെന്നും മന്ത്രി ഓണ്‍ലൈന്‍ മാധ്യമമായ ദ ഫെഡറലിനോട് പ്രതികരിച്ചു. കേസിലെ ഒരു സാക്ഷിയായാണ് തന്നെ വിളിപ്പിച്ചത്. അവര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴികള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. ഒരു മന്ത്രി എന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റുമായി താന്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് അവര്‍ ചോദിച്ചെന്നും അദ്ദേഹം ദ ഫെഡറലിനോട് പറഞ്ഞു.

എന്‍ഐഎ നിയമത്തിലെ 16, 17, 18 വകുപ്പുകള്‍ പ്രകാരം സാക്ഷിയായി നോട്ടീസ് നല്‍കിയാണ് വിളിച്ചതെന്നും സമയം നിശ്ചയിച്ചത് തന്റെ സൗകര്യപ്രകാരമാണെന്നും കെ.ടി ജലീല്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്‍ എത്തിച്ച് വിതരണം ചെയ്തത് സംബന്ധിച്ചും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി കെ.ടി ജലീല്‍ വിശദീകരിച്ചു. തനിക്കൊന്നും ഒളിക്കാനില്ല. ഞാന്‍ തെറ്റുകാരനാണെന്ന് ഖുറാനില്‍ തൊട്ട് പറയാന്‍ മുസ്ലീം ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു. അന്വേഷണം അവസാനിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തകര്‍ന്നടിയും. താന്‍ ബിജെപി, യുഡിഎഫ് നേതാക്കളെ പോലെയല്ല. ലോകം മുഴുവന്‍ മൂടിവെച്ചാലും സത്യം പുറത്തുവരുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

രാവിലെ ആറ് മണിയോടെയാണ് കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിയതെങ്കിലും 9 മണിയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. ഇത് പൂര്‍ത്തിയാക്കി വൈകീട്ട് 5 മണിയോടെ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. മൂന്ന് മണിയോടെ തന്നെ മൊഴിയെടുക്കല്‍ അവസാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം നടക്കുന്നതിനാല്‍ സുരക്ഷ സംബന്ധിച്ച് പൊലീസ് ക്ലിയറന്‍സ് ലഭിക്കേണ്ടതിനാല്‍ മന്ത്രിക്ക് കാത്തിരിക്കേണ്ടി വന്നതാണെന്നും ദ ഫെഡറല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in