കെടി ജലീല്‍ രാജിവെയ്ക്കില്ല; ബിജെപിയുമായി ലീഗ് സഖ്യത്തിന് ശ്രമിക്കുന്നു; നേതൃത്വം നല്‍കുന്നത് കുഞ്ഞാലിക്കുട്ടിയെന്നും എ വിജയരാഘവന്‍

കെടി ജലീല്‍ രാജിവെയ്ക്കില്ല; ബിജെപിയുമായി ലീഗ് സഖ്യത്തിന് ശ്രമിക്കുന്നു; നേതൃത്വം നല്‍കുന്നത് കുഞ്ഞാലിക്കുട്ടിയെന്നും എ വിജയരാഘവന്‍

മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ദ ക്യുവിനോട്. അന്വേഷണ ഏജന്‍സി വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു എന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ല. ആരോപണത്തെ ഇടതുമുന്നണി രാഷ്ട്രീയമായി നേരിടും.

മന്ത്രിക്കെതിരെ കുറ്റം ആരോപിക്കപ്പെടുക പോലും ചെയ്തിട്ടില്ല. കെടി ജലീല്‍ തെറ്റുചെയ്തിട്ടില്ല. ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്നത് കൊണ്ടാണ് മുസ്ലീംലീഗ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ കെ ടി ജലീലിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമായാണ്.നിയമവിധേയമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ കെ ടി ജലീല്‍ അധികാരത്തെ ഉപയോഗിക്കയുള്ളു. നിയമവിരുദ്ധമായോ ലാഭാധിഷ്ഠിതമായോ കെ ടി ജലീല്‍ പ്രവര്‍ത്തിക്കുകയില്ല. ഔദ്യോഗിക കൃത്യനിര്‍വഹണമല്ലാതെ മറ്റൊന്നും കെ ടി ജലീല്‍ ചെയ്തിട്ടില്ല. രാജി ആവശ്യത്തിന് അടിത്തറയില്ല.

മുസ്ലിം ലീഗ് ബിജെപിയുമായി രാഷ്ട്രീയസഖ്യത്തിന് ശ്രമിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അധികാരത്തില്‍ എങ്ങനെയെങ്കിലും തിരിച്ചുവരാന്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയെന്നത് യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും അജണ്ടയാണ്. അത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഒരുമിച്ച് സമരത്തിനിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗിന് കെ ടി ജലീലിനോട് വ്യക്തിപരമായി വിരോധമുണ്ട്. ലീഗിന്റെ അധാര്‍മ്മികതയും ജീര്‍ണ്ണതയും സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതിന് നേതൃത്വം നല്‍കിയത് കെ ടി ജലീലാണ്. ലീഗിന്റെ സര്‍വാധിപതിയായ നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി. ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവര്‍ക്ക് ഏറ്റവും വലി തിരിച്ചടി നല്‍കിയതിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചത് കെടി ജലീലാണെന്നതാണ് വിരോധത്തിന് കാരണം.

ജലീലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നേരത്തെയും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. അന്നും രാജി ആവശ്യപ്പെട്ടിരുന്നു. മുസ്ലീം ലീഗ് പറയുന്നതിനനുസരിച്ചാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനരഹിതമായ ആവശ്യത്തിന് മുന്നില്‍ സര്‍ക്കാരും എല്‍ഡിഎഫും വഴങ്ങേണ്ട ആവശ്യമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in