'കഠിനാധ്വാനിയും സ്ഥിരോത്സാഹിയും, ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തി'; ഉമ്മന്‍ചാണ്ടിയെ കുറിച്ച് പിണറായി
Around us

'കഠിനാധ്വാനിയും സ്ഥിരോത്സാഹിയും, ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തി'; ഉമ്മന്‍ചാണ്ടിയെ കുറിച്ച് പിണറായി

THE CUE

THE CUE

നിയമസഭാംഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍ എഴുതിയ കുറിപ്പില്‍ പറയന്നു. മാതൃഭൂമിയും മലയാള മനോരമയുമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്.

1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മന്‍ചാണ്ടി സംസ്ഥാനതല കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചുവെന്നും പിണറായി വിജയന്‍ പറയുന്നു.

'നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുക; അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക. തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കുമാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം.

1970ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി അന്ന് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും - കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം - പാര്‍ലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മന്‍ചാണ്ടി സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ പല നിര്‍ണായകഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി.

ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്പിക്കാതെ ആരോഗ്യംപോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. ഉമ്മന്‍ചാണ്ടി നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു', ലേഖനത്തില്‍ പറയുന്നു.

The Cue
www.thecue.in