സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്കില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല സമരാഭാസം നിര്‍ത്തി മാപ്പ് പറയണമെന്ന് സിപിഎം
Around us

സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്കില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല സമരാഭാസം നിര്‍ത്തി മാപ്പ് പറയണമെന്ന് സിപിഎം

THE CUE

THE CUE

മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത് പരിശോധിക്കണമെന്ന് പറഞ്ഞ ആളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ് നാട്ടില്‍ അരാജകത്വം അരങ്ങേറുന്നതെന്നും സിപിഎം ആരോപിക്കുന്നു.

മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമാണ്. എന്നാല്‍ ചെന്നിത്തലയുടെ തുറന്നുപറച്ചിലിലൂടെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം വ്യക്തമായി. സിപിഎമ്മിനെതിരെ എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിയ്ക്കാന്‍ ശ്രമിച്ച വി.മുരളീധരന്റ പേര് പരാമര്‍ശിക്കുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടത്താതിരിക്കുന്നതിനാണ് യു.ഡി.എഫും ബി.ജെ.പിയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത നുണകള്‍ ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പല ആരോപണങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുള്ളതാണ്. ചിലത് കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കേരളം കണ്ടതാണ്. പ്രതിപക്ഷ നേതാവിന്റെ പദവിയ്ക്ക് ചേരാത്ത രൂപത്തില്‍ അപവാദം പ്രചരിപ്പിച്ച് കലാപത്തിന് അണികളെ ഇളക്കിവിടുന്ന തരംതാണ രീതി അവസാനിപ്പിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ദിവസവും തിരുത്തി പറയാന്‍ പത്രസമ്മേളനം വിളിക്കേണ്ട ഗതികേടിലാവുകയും സ്വയം പരിഹാസ്യനാവുകയും ചെയ്യുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും സിപിഎം പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു,

The Cue
www.thecue.in