സംസ്ഥാനത്ത് 3215 പേര്‍ക്ക് കൂടി കൊവിഡ് 19 ; 3013 പേര്‍ക്കും സമ്പര്‍ക്കം വഴി

സംസ്ഥാനത്ത് 3215 പേര്‍ക്ക് കൂടി കൊവിഡ് 19 ; 3013 പേര്‍ക്കും സമ്പര്‍ക്കം വഴി

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 12 പേര്‍ മരണപ്പെട്ടു. 2532 പേര്‍ക്കാണ് രോഗമുക്തി. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗബാധ. 313 പേരുടെ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായി. 24 മണിക്കൂറില്‍ 41,054 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 31,156 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കൊവിഡ് അവലോകന യോഗ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

സമൂഹം എന്ന നിലയില്‍ തന്നെ രോഗത്തെ ചെറുക്കുകയെന്ന ചരിത്രപരമായ കടമ നിറവേറ്റേണ്ടതുണ്ട്. സംസ്ഥാനത്ത് ആളുകളില്‍ ജാഗ്രതക്കുറവ് കാണുന്നുണ്ട്. മാസ്‌ക് ധരിച്ചില്ലെന്ന 5901 സംഭവങ്ങളുണ്ടായി. ക്വാറന്റൈന്‍ ലംഘിച്ച 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വയം നിയന്ത്രണം പാലിക്കാന്‍ പലരും മടിക്കുന്നു. ഒപ്പം തെറ്റായ പല പ്രചരണങ്ങളും നടക്കുന്നു. രോഗവ്യാപനം അനിയന്ത്രിതമായതിനാല്‍ ഇനി മുന്‍കരുതലില്‍ കാര്യമില്ലെന്നും വരുന്നിടത്ത് വെച്ച് കാണാമെന്നുമുള്ള അപകടകരമായ ചിന്ത ചിലര്‍ക്കുണ്ട്. രോഗവ്യാപനത്തിന് സമ്പര്‍ക്കം തന്നെയാണ് പ്രധാന കാരണം. അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കൂടിയത് ജാഗ്രതക്കുറവ് സംഭവിച്ചതിന്റെ ഭാഗമാണ്‌. എങ്കിലും ഇപ്പോഴും അനിയന്ത്രിതമായ അവസ്ഥയിലല്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. 1918 ലെ സ്പാനിഷ് ഫ്‌ളു 4 വര്‍ഷം നീണ്ടുനില്‍ക്കുകയും 50 കോടി ആളുകള്‍ക്ക് ബാധിക്കുകയും 5 കോടി ആളുകള്‍ മരിക്കുകയും ചെയ്ത അനുഭവം ലോകത്തിനുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രം ബഹുദൂരം പുരോഗമിച്ചതിനാല്‍ മെച്ചപ്പെട്ട രീതിയില്‍ കൊവിഡിനെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും 3 കോടി പേര്‍ക്ക് രോഗബാധയുണ്ടായി. 10 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ മാത്രം ഇതുവരെ 50 ലക്ഷം പേര്‍ രോഗബാധിതരായി. മരണം 80,000 കവിഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in