കെ.ടി ജലീലിനെതിരെ ഒരു കുറ്റവുമില്ല, കെട്ടിച്ചമച്ച കഥകള്‍ മാത്രമെന്ന് മുഖ്യമന്ത്രി
Around us

കെ.ടി ജലീലിനെതിരെ ഒരു കുറ്റവുമില്ല, കെട്ടിച്ചമച്ച കഥകള്‍ മാത്രമെന്ന് മുഖ്യമന്ത്രി

By THE CUE

Published on :

മന്ത്രി കെ.ടി ജലീലിനെതിരെ ഒരു കുറ്റവുമില്ലെന്നും രാജിവെയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥകള്‍ മാത്രമാണ്.അപവാദങ്ങളുടെയും സങ്കല്‍പ്പ കഥകളുടെയും പുറത്ത് പ്രതിപക്ഷം രാജിയാവശ്യപ്പെട്ടാല്‍ അത് ഏതെങ്കിലും പ്രക്ഷോഭത്തിന് തുല്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഒന്നും കിട്ടാതിരിക്കുമ്പോള്‍ ചിലത് കെട്ടിച്ചമയ്ക്കുകയാണ്. ജലീലിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.ജലീലിനെതിരെ അന്വേഷണ ഏജന്‍സിക്ക് ചില പരാതികള്‍ കിട്ടിയപ്പോള്‍ അതില്‍ വ്യക്തത വരുത്താനായി വിളിപ്പിച്ചതാണ്. അന്വേഷണത്തിന്‌റെ ഭാഗമായി ഏതെങ്കിലും മന്ത്രിമാര്‍ രാജിവെച്ച സാഹചര്യം കേരളത്തില്‍ ഇതുവരെയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ചോദ്യം ചെയ്ത കാര്യം കെ.ടി ജലീല്‍ മറച്ചുവെച്ചതെന്തിനെന്ന ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. കെടി ജലീല്‍ വഖഫിന്റെ ചാര്‍ജുള്ള മന്ത്രി കൂടിയാണ്. റമദാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യലുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് അദ്ദേഹത്തോട് കാര്യങ്ങള്‍ അറിയിച്ചതാണ്. അത് അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. മതഗ്രനന്ഥങ്ങള്‍ ലഭിച്ചെന്നും കൊണ്ടുപോയെന്നും സൂക്ഷിച്ചെന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണഗതിയില്‍ ഇക്കാര്യങ്ങള്‍ക്ക് കോണ്‍സുലേറ്റ് ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. സാധാരണ നടക്കുന്ന കാര്യം നടന്നുവെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ജലീലിനെ അപായപ്പെടുത്താനുള്ള ശ്രമമാണ് പാരിപ്പള്ളിയില്‍ നടന്നത്. ഓടിവരുന്ന വണ്ടിയുടെ മുന്നിലേക്ക് മറ്റൊരു വാഹനം കൊണ്ടിട്ടാല്‍ അത് സ്വാഭാവികമായും തട്ടി മറിയുകയും വലിയ അപകടമുണ്ടാവുകയും ജീവഹാനി വരെ സംഭവിക്കുകയും ചെയ്യും. അത്തരം സമരരീതികള്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Cue
www.thecue.in