ഒരു ദിവസത്തെ വാര്‍ത്ത കണ്ട് തെറ്റിദ്ധരിക്കുന്നവരല്ല ജനങ്ങള്‍, ലൈഫ് മിഷനെ കരിവാരിത്തേക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരു ദിവസത്തെ വാര്‍ത്ത കണ്ട് തെറ്റിദ്ധരിക്കുന്നവരല്ല ജനങ്ങള്‍, ലൈഫ് മിഷനെ കരിവാരിത്തേക്കുന്നുവെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷനില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനെ കരിവാരിത്തേക്കാനാണ് ചിലരുടെ ശ്രമം. നാട്ടിലെ ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് തെറ്റിദ്ധരിക്കുന്നവരല്ലെന്ന് മനസിലാക്കണം.

കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനുമായി ബന്ധമില്ലാത്ത പ്രശ്‌നത്തെക്കുറിച്ച് ലൈഫ് മിഷനെക്കുറിച്ചും വീടുകള്‍ നിര്‍മ്മിച്ച പ്രക്രിയയെയും കരിവാരിത്തേക്കുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ജനങ്ങള്‍ സന്തോഷിക്കുന്ന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. അതിനാണ് മറ്റ് ചില പ്രചരണങ്ങള്‍. ഇന്ന് ഒരു പ്രധാന മാധ്യമത്തിന്റെ തലക്കെട്ട് കണ്ടാല്‍ തോന്നും ലൈഫ് മിഷന്‍ എന്നത് എന്തോ വലിയ കമ്മിഷന്റെയും കൈക്കൂലിയുടെയും രംഗമാണെന്ന്. ലൈഫ് മിഷന്‍ വഴി രണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം വീടുകള്‍ പൂര്‍ത്തിയാക്കി. ആ വീടുകളില്‍ എന്റെ ജീവിതകാലത്ത് ഒരു വീടുണ്ടാകുമെന്ന് കരുതാത്ത പല കുടുംബങ്ങളും താമസിക്കുന്നു. സ്വന്തം വീട്ടില്‍ അവര്‍ കഴിയുന്നു. അത് അഴിമതിയുടെ ഭാഗമാണോ?. നിങ്ങളെല്ലാം ഓരോ പ്രദേശത്തും വീട് പൂര്‍ത്തിയാക്കിയില്ലേ, നിങ്ങള്‍ക്ക് അത് അറിയില്ലേ? . വീടുകള്‍ പൂര്‍ത്തിയാക്കിയത് നാടിന്റെ നേട്ടമായി വരികയാണ്. ആ നേട്ടത്തിന് കരിവാരിത്തേക്കണം. അതിന് നെറികേടിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്.

ഏതെങ്കിലും കോണ്‍ട്രാക്ടില്‍ നെറികേട് നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണ്. ആ പത്രം തലക്കെട്ട് കഴിഞ്ഞ് അവസാന ഭാഗത്ത് പറയുന്നു, ലൈഫ് മിഷനുമായി ഇതിന് ബന്ധമില്ലെന്ന്. മര്യാദയാണോ ഇത്, ഇതാണോ സ്വീകരിക്കേണ്ട മാര്‍ഗം. ലൈഫ് മിഷനുമായി ബന്ധമില്ലാത്ത പ്രശ്‌നത്തെക്കുറിച്ച് ലൈഫ് മിഷനെക്കുറിച്ചും വീടുകള്‍ നിര്‍മ്മിച്ച പ്രക്രിയയെയും കരിവാരിത്തേക്കുന്നത് ശരിയാണ്. ഇതാണ് നടക്കുന്നത്. ഇതാണ് നാടിന്റെ അവസ്ഥ. ശരിയായ കാര്യങ്ങള്‍ നമ്മുടെ നാടിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ പാടില്ല. അത് ജനങ്ങള്‍ക്ക് മുന്നില് നിന്ന് മറച്ചുവെക്കണം. അതിന്റെ ഭാഗമാണ് ഈ പ്രചരണങ്ങള്‍. നാട്ടിലെ ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നന്നവരല്ല, അവരുടെ ജീവിതാനുഭവമുണ്ട്, അവര്‍ കാണുന്നുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് വിധിയെഴുത്ത്.

കൊവിഡ് വ്യാപനത്തിന് ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in