സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കൊവിഡ് 19 ; 2110 പേര്‍ രോഗമുക്തര്‍

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കൊവിഡ് 19 ; 2110 പേര്‍ രോഗമുക്തര്‍

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 15 പേര്‍ മരണപ്പെട്ടു. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 212 പേരുടെ ഉറവിടം വ്യക്തമല്ല. കൊറോണ ബാധിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കൊവിഡ് അവലോകന യോഗശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 39,486 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. സമ്പൂര്‍ണ ലോക്ക് ഡൗണില്‍ നിന്നും പൂര്‍ണ സജീവതയിലേക്ക് വരികയും പൊതുഗതാഗത സംവിധാനങ്ങള്‍ സജീവമാകുകയും അടച്ചിട്ടവ തുറക്കുകയും ചെയ്യുമ്പോള്‍ രോഗവ്യാപന തോത് വര്‍ധിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്താകെ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് അഞ്ച് ദിവസമായി രോഗബാധിതരാകുന്നവരുടെ എണ്ണം തൊണ്ണൂറായിരത്തിന് മുകളിലാണ്. 10 ലക്ഷത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒറ്റ ദിവസം 1136 മരണമുണ്ടായി. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. കര്‍ണാടകയില്‍ 99222 ആക്ടീവ് കേസുകളാണുള്ളത്. മരണസംഖ്യ 7225 ആണ്, തമിഴ്‌നാട്ടില്‍ 8381 പേര്‍ മരണപ്പെട്ടു, ഇപ്പോള്‍ 47012 കേസുകളുണ്ട്. മഹാരാഷ്ട്രയില്‍ 2,90000 കേസുകള്‍. 29531 പേര്‍ മരണപ്പെട്ടു. ഇവിടങ്ങളില്‍ നിന്ന് നിരവധി പേരാണ് കേരളത്തിലേക്ക് എത്തുന്നതെന്നത് ഓര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം 34,756 പരിശോധന നടത്തിയതില്‍ 3139 പേര്‍ക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ രോഗബാധിതരുടെ എണ്ണം തത്തുല്യമായി കുറഞ്ഞില്ല. ടെസ്റ്റ് 45,000 വരെ ഉയര്‍ന്ന ഘട്ടമുണ്ട്. അരലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാനാണ് നോക്കുന്നത്. വടക്കന്‍ ജില്ലകളില്‍ നടത്തിയ പഠനത്തില്‍ വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. രോഗസാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമേറിയവരില്‍ രോഗബാധ കൂടിയാല്‍ മരണനിരക്ക് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in