'17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റുകാര്‍ 10 വര്‍ഷം തിന്നാലും തീരില്ല'; മറവില്‍ സ്വര്‍ണക്കടത്തെന്ന് രമേശ് ചെന്നിത്തല

'17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റുകാര്‍ 10 വര്‍ഷം തിന്നാലും തീരില്ല'; മറവില്‍ സ്വര്‍ണക്കടത്തെന്ന് രമേശ് ചെന്നിത്തല

യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റ് മുഖേന സംസ്ഥാനത്ത് ഈന്തപ്പഴം എത്തിച്ചതിന്റെ മറവില്‍ സ്വര്‍ണക്കടത്താണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തെത്തിയെന്നാണ് വാര്‍ത്തകള്‍. ഇത്രയും ഈന്തപ്പഴം യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം തിന്നാലും തീരില്ല. ആര്‍ക്കുവേണ്ടിയാണ് ഇത്രയും കൊണ്ടുവന്നത് ? ഈന്തപ്പഴം തന്നെയാണോ വന്നത് ? യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് ചാനലിലൂടെ ഇങ്ങനെയൊരു കച്ചവടം നടത്തുന്നുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഈന്തപ്പഴം എത്തിക്കുന്നതിന്റെ മറവില്‍ നിര്‍ബാധം സ്വര്‍ണക്കടത്താണ് നടന്നത്. സര്‍ക്കാരിന്റെ പ്രോട്ടോകള്‍ ഓഫീസര്‍ അറിയാതെ ഇതൊന്നും നടക്കില്ല. അദ്ദേഹം പരിശോധിച്ച് അനുമതി കൊടുത്താണോ ഇത്രയും അളവില്‍ എത്തിച്ചതെന്നും അദ്ദേഹത്തിന്റെ പങ്കെന്താണെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം കോണ്‍സുലേറ്റ് വഴി പതിനേഴായിരം ടണ്‍ ഈന്തപ്പഴം സംസ്ഥാനത്തേക്ക് വന്നത് നാല്‍പതിനായിരത്തോളം കുട്ടികള്‍ക്ക് വിതരണം ചെയ്യാനാണെന്നാണ് വ്യക്തമാകുന്നത്.

ഓര്‍ഫനേജുകളിലും മറ്റ് അഭയകേന്ദ്രങ്ങളിലും കഴിയുന്ന പലതരം വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി റംസാന്‍ കാലയളവില്‍ വിതരണം ചെയ്യാനാണ് ഈന്തപ്പഴം എത്തിയത്. യുഎഇ പ്രസിഡന്റാണ് ഇത് ലഭ്യമാക്കിയത്. ഔദ്യോഗിക ഉദ്ഘാടനം പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലെയും ശ്രീചിത്രയിലെയും കുട്ടികള്‍ക്ക് നല്‍കി പിണറായി വിജയനാണ് 2017 മെയ് 26 ന് ഉദ്ഘാടനം ചെയ്തത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സാബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ ചടങ്ങില്‍ കോണ്‍സുലേറ്റ് പ്രതിനിധിയായി സ്വപ്‌ന സുരേഷുമുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും 250 ഗ്രാമിന്റെ പാക്ക് വീതമാണ് യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in