മുംബൈ രാഷ്ട്രീയം കലുഷമായിരിക്കെ ഗവര്‍ണറെ കണ്ട് കങ്കണ റണാവത്ത്
Around us

മുംബൈ രാഷ്ട്രീയം കലുഷമായിരിക്കെ ഗവര്‍ണറെ കണ്ട് കങ്കണ റണാവത്ത്

By THE CUE

Published on :

ശിവസേനയ്ക്കും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരായ പോരാട്ടം ഊര്‍ജിതമാക്കിയിരിക്കെ നടി കങ്കണ റണാവത്ത് രാജ്ഭവനിലെത്തി മഹാരാഷ്ട്ര ഗവര്‍ണറെ കണ്ടു.പൊലീസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് കങ്കണ ഭരത് സിംഗ് കോശിയാരിയെ കാണാനെത്തിയത്. ഗവര്‍ണറെ കാണാനുണ്ടായ കാരണവും ചര്‍ച്ചാവിഷയവും വ്യക്തമല്ല. അതേസമയം ഇന്നും കങ്കണയ്‌ക്കെതിരെ പ്രതിഷേധം നടന്നു. ശിവസേനയുടെ ദളിത് ഘടകമായ ഓള്‍ ഇന്ത്യ പാന്തര്‍ സേന നടിയുടെ വീടിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ കങ്കണ രൂക്ഷവിമര്‍ശനം നടത്തിവരുന്നതിനിടെയാണ് ഗവര്‍ണറെ കാണുന്നത്.

മുംബൈ മിനി പാകിസ്താനാണെന്ന് കങ്കണ കുറ്റപ്പെടുത്തിയിരുന്നു. മുംബൈ പാക് അധീന കശ്മീര്‍ പോലെയാണെന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെയും നടിയെ പിന്‍തുണയ്ക്കുന്ന ബിജെപിയെയും കടന്നാക്രമിച്ച് ശിവസേനയുമെത്തി. നടിക്കെതിരെ ദേശദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ശിവസേന ആവശ്യപ്പെട്ടത്. അതിനിടെ കങ്കണയുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കേന്ദ്രം വൈ കാറ്റഗറി സുരക്ഷയും ഏര്‍പ്പെടുത്തി. മുംബൈ പാലി ഹില്ലിലെ കങ്കണയുടെ ഓഫീസ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കാനാരംഭിച്ചിരുന്നു.അനധികൃത നിര്‍മ്മാണങ്ങള്‍ ചൂണ്ടിക്കാട്ടിയായിയിരുന്നു മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഘാര്‍വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് കാണിച്ചാണ് കോര്‍പ്പറേഷന്‍ പൊളിക്കല്‍ നോട്ടീസ് നല്‍കിയത്. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതുതായി ഒന്ന് നിര്‍മ്മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം നടിയുടെ പരാതിയില്‍ ബോംബെ ഹൈക്കോടതി പൊളിക്കല്‍ തടയുകയായിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ പക്ഷപാതപരമായ അന്വേഷണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കങ്കണ നേരത്തേ മുതല്‍ ആരോപിക്കുന്നുമുണ്ട്.

The Cue
www.thecue.in