വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ ; ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Around us

വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ ; ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

THE CUE

THE CUE

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 11 നും ഏറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 12 നും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സെപ്റ്റംബര്‍ 13 നും യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 14 നും എറണാകുളം തൃശൂര്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ സെപ്റ്റംബര്‍ 15 നും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്.

ശക്തമായ മഴ തുടര്‍ന്നാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്നയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ അധികൃതരും പൊതുജനങ്ങളും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഓറഞ്ച് മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവരാണ അതോറിറ്റിയും വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഇടങ്ങളില്‍ കഴിയുന്നവരും അപകടസാധ്യത മുന്നില്‍കണ്ട് ആവശ്യമായ നടപടികളും തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്ന ഘട്ടത്തില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തീരദേശങ്ങളില്‍ കടലാക്രമണ ഭീഷണിയുള്ളതിനാല്‍ ഇവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം.

The Cue
www.thecue.in