'കൊവിഡിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല', വാക്കുകള്‍ തെറ്റിദ്ധരിച്ചതെന്ന് ആരോഗ്യമന്ത്രി

'കൊവിഡിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല', വാക്കുകള്‍ തെറ്റിദ്ധരിച്ചതെന്ന് ആരോഗ്യമന്ത്രി

കൊവിഡ് 19ന് ഹോമിയോയില്‍ മരുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് സംബന്ധിച്ച് ഹോമിയോവിഭാഗം നടത്തിയ പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും, തന്റെ വാക്കുകള്‍ ചിലരില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യമന്ത്രിയുടെ വാക്കുകള്‍:

'കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ കെട്ടിട ഉദ്ഘാടനവേളയില്‍ ഞാന്‍ നടത്തിയ പ്രസംഗം ചിലരില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. കൊവിഡിന് ഹോമിയോയില്‍ മരുന്നുണ്ടെന്നും, അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞെന്നുമുള്ള സൂചനയാണ് ചിലരുടെ അഭിപ്രായപ്രകടനങ്ങളില്‍ കാണുന്നത്.

കൊവിഡ് 19ന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധമരുന്നും കണ്ടെത്തിയിട്ടില്ല. പല മേഖലകളിലും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് 19ന് അലോപ്പതി മേഖലയെ തന്നെയാണ് ചികിത്സയ്ക്ക് ആശ്രയിച്ചത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇതിനായി തേടിയിരുന്നു.

കൊവിഡ് ചികിത്സയ്ക്കുള്ള മരുന്ന് തങ്ങളുടെ കൈവശമുണ്ടെന്ന് ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ ആളുകള്‍ അവകാശപ്പെട്ടിരുന്നു. പരീക്ഷിച്ച് തെളിയിച്ചാല്‍ മാത്രമേ ചികിത്സയ്ക്കായി അത് ഉപയോഗിക്കാന്‍ സാധിക്കൂ. അലോപ്പതി മാത്രമല്ല, ആയുര്‍വേദ-ഹോമിയോ വിഭാഗങ്ങളുടെ കൂടി മന്ത്രിയാണ് ഞാന്‍. അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് കേള്‍ക്കാനും, ശരിയായ തീരുമാനമെടുക്കേണ്ടതും എന്റെ ബാധ്യതയാണ്.

രോഗത്തിന് ശ്രുശ്രൂഷിക്കേണ്ടതില്ല, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് നല്‍കാമെന്നാണ് ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളോട് പറഞ്ഞിരുന്നത്.

രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതിന് ആയുര്‍വേദ ഹോമിയോ വിഭാഗങ്ങള്‍ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞത്. അതിന്മേല്‍ ആര്‍ക്കും പഠനം നടത്താം. അത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. അല്ലാതെ ശാസ്ത്രീയമായി അത് പരിശോധിച്ച് തെളിയിക്കപ്പെട്ടുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇതിന്റെ പേരിലാണ് തര്‍ക്കങ്ങളുണ്ടായത്.

ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഞാന്‍ ശരിയല്ലാത്ത അല്ലെങ്കില്‍ ശാസ്ത്രീയമല്ലാത്ത ഒരു കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് ആരും കരുതേണ്ടതില്ല, തെറ്റിദ്ധാരണ ഒഴിവാക്കണം. ഹോമിയോയില്‍ കൊവിഡിന് മരുന്ന് ഉണ്ടെന്നോ, പ്രതിരോധ ശേഷിക്കുള്ള മരുന്ന് പരീക്ഷിച്ച് തെളിയിക്കപ്പെട്ടു എന്നോ അല്ല പറഞ്ഞത്. അവര്‍ നടത്തിയ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് തന്നിട്ടുണ്ടെന്നാണ് പറഞ്ഞത്.'

Related Stories

No stories found.
logo
The Cue
www.thecue.in