പുന്നപ്ര വയലാര്‍, കരിവെള്ളൂര്‍, കാവുംബായി രക്തസാക്ഷികളുടെ പേരുകളും കേന്ദ്രം വെട്ടുന്നു; സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് വാദം
Around us

പുന്നപ്ര വയലാര്‍, കരിവെള്ളൂര്‍, കാവുംബായി രക്തസാക്ഷികളുടെ പേരുകളും കേന്ദ്രം വെട്ടുന്നു; സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് വാദം

By THE CUE

Published on :

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ വെട്ടിമാറ്റാനൊരുറങ്ങി കേന്ദ്രസര്‍ക്കാര്‍. പുന്നപ്ര വയലാര്‍ രക്തസാക്ഷികളുള്‍പ്പടെയുള്ളവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്‌ലിയാരുടെയും പേരുകള്‍ക്ക് പുറമെ വാഗണ്‍ ട്രാജഡി ഇരകളുടെ പേരുകളും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ പേരുകളും ഒഴിവാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസറ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 46 പേരുടെയും, കാവുമ്പായി സമരവുമായി ബന്ധപ്പെട്ട കുമാരന്‍ പുള്ളുവന്‍, കുഞ്ഞിരാമന്‍ പുളുക്കല്‍, കരിവെള്ളൂരില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട 16കാരന്‍ കീനേരി കുഞ്ഞമ്പു എന്നിവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്. ഐസിഎച്ച്ആര്‍ അംഗമായ സിഐ ഐസക് നാല് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘപരിവാര്‍ സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഉപാധ്യക്ഷനാണ് സിഐ ഐസക്.

ഈ സമരങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്നാണ് സിഐ ഐസകിന്റെ വാദം. ഈ സമയം നെഹ്‌റുവിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. ഈ കലാപങ്ങള്‍ ഇടക്കാല സര്‍ക്കാരിനെതിരായിരുന്നുവെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും ഐസക് നല്‍കിയ റിപ്പോര്‍ട്ടില്‍ വാദിക്കുന്നു.

ദേശീയ പ്രസ്ഥാനത്തെ ബഹിഷ്‌കരിക്കുകയും, അട്ടിമറിക്കുകയും ചെയ്ത ഒരു പാര്‍ട്ടി കേരളത്തിന്റെ ഒരു ഭാഗത്ത് സ്വാതന്ത്ര്യസമരം സംഘടിപ്പിച്ചു എന്ന നിഗമനത്തിലെത്തുന്നത് വിചിത്രമാണെന്ന് പറയുന്ന രേഖകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഹിന്ദു റിപ്പോര്‍ട്ട് പറയുന്നുണ്ട്.

The Cue
www.thecue.in