കുട്ടനാട്ടില്‍ തോമസ് കെ തോമസ്; ചവറയില്‍ ഷിബു ബേബി ജോണ്‍; രണ്ടിടത്തും എതിരാളികളുടെ ചിത്രം തെളിഞ്ഞില്ല

കുട്ടനാട്ടില്‍ തോമസ് കെ തോമസ്; ചവറയില്‍ ഷിബു ബേബി ജോണ്‍; രണ്ടിടത്തും എതിരാളികളുടെ ചിത്രം തെളിഞ്ഞില്ല

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ചൂടേറി. കുട്ടനാട്ടില്‍ തോമസ് കെ തോമസ് ഇടത് സ്ഥാനാര്‍ത്ഥിയാകും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പുറത്തുവിട്ടെങ്കിലും എല്‍ഡിഎഫ് യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു.

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം എളുപ്പമായിരിക്കില്ലെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളകോണ്‍ഗ്രസ് എം കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ആയി ജോസ് കെ മാണി വിഭാഗത്തെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി തന്നെ മത്സരിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കുട്ടനാട് സീറ്റില്‍ യുഡിഎഫില്‍ നേരത്തെ തന്നെ ധാരണയായതാണെന്നും ഇവര്‍ വാദിക്കുന്നു. ഇരുവിഭാഗവും രംഗത്തെത്തിയത് സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമാക്കും.

ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ മത്സരിക്കണമെന്ന് യുഡിഎഫില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. ഒമ്പതാം തിയ്യതിക്ക് മുന്നേ പ്രഖ്യാപനം ഉണ്ടാകും.

ചവറയില്‍ എംഎല്‍എയായിരുന്ന വിജയന്‍ പിള്ളയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.6189 വോട്ടുകള്‍ക്കാണ് വിജയന്‍പിള്ള കഴിഞ്ഞ തവണ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയത്. വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത്, സിപിഎം ഏരിയാ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് എല്‍ഡിഎഫ് പരിഗണിക്കുന്നത്. സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയന്‍പിള്ള സിപിഎമ്മിനോടൊപ്പം ചേരുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in