ബംഗളൂരു ലഹരി റാക്കറ്റ് പ്രതിയുടെ മലയാള സിനിമാ ബന്ധവും അന്വേഷണ പരിധിയില്‍, നാര്‍കോടിക്‌സ് കൊച്ചി യൂണിറ്റിന്റെ സഹായം തേടി
Around us

ബംഗളൂരു ലഹരി റാക്കറ്റ് പ്രതിയുടെ മലയാള സിനിമാ ബന്ധവും അന്വേഷണ പരിധിയില്‍, നാര്‍കോടിക്‌സ് കൊച്ചി യൂണിറ്റിന്റെ സഹായം തേടി

THE CUE

THE CUE

ബംഗളൂരുവില്‍ പിടിയിലായ വന്‍ ലഹരിമരുന്ന് റാക്കറ്റിന് കന്നഡയിലെയും മലയാളത്തിലെയും സിനിമാ മേഖലയുമായി ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 21ന് കല്യാണ്‍ നഗറില്‍ പിടിയിലായ മുഹമ്മദ് അനൂപ് മലയാള സിനിമാ മേഖലയിലുള്ള ചിലര്‍ക്ക് വേണ്ടി മൂന്നാറില്‍ 200 ഏക്കറിനടുത്ത് ഭൂമിയുടെ ഇടപാടിന് ശ്രമിച്ചുവെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയാണ് ഇടപാടിന് ശ്രമമുണ്ടായതെന്നും മൊഴിയിലുണ്ട്.

ബംഗളൂരുവില്‍ കൊച്ചിയിലുമായി ചലച്ചിത്രമേഖല കേന്ദ്രീകരിച്ചും അനൂപ് മുഹമ്മദ് മയക്കുമരുന്ന് ഇടപാടിന്റെ ഭാഗമായെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഓണ്‍മനോരമയും റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാറിലെ 200 ഏക്കര്‍ ഭൂമി ഇടപാടില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ ടി റമീസും ഉള്‍പ്പെട്ടതായി അനൂപ് മുഹമ്മദിന്റെ മൊഴിലുണ്ട്. മൊഴിയുടെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

അനൂപ് മുഹമ്മദുമായി ബന്ധമുള്ള മലയാള സിനിമയിലെ ആളുകളെക്കുറിച്ച് വിവരശേഖരണത്തിന് നാര്‍കോട്ിക്‌സ് കണ്‍ട്രോല്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റിന്റെയും സഹായം തേടിയിട്ടുണ്ട്. അനൂപ് മുഹമ്മദിനൊപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനും മലയാളിയാണ്. മുഹമ്മദ് എന്നയാളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വഴിയാണ് ഗോവയിലും ബംഗളൂരുവില്‍ വലിയ അളവില്‍ സെക്കഡലിക് മയക്കുമരുന്നുകള്‍ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയതായി നേരത്തെ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ബിനീഷിന്റെ സഹായത്തിന് നന്ദിസൂചകമായി ബികെ 47 എന്ന ബ്രാന്‍ഡില്‍ ടി ഷര്‍ട്ട് പുറത്തിറക്കിയെന്നും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരിലങ്കേഷിന്റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് പൊലീസ് എത്തുന്നത്. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴി വീണ്ടും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തും. സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്.

കന്നഡ ചലച്ചിത്രമേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ നാര്‍കോടിക്‌സ് ബ്യൂറോയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും തീരുമാനിച്ചിട്ടുണ്ട്. നടി രാഗിണി ദ്വിവേദിയും ഭര്‍ത്താവും സിസിബി ടീമിന് മുമ്പാകെ ഇന്ന് ഹാജരാകും.

The Cue
www.thecue.in