'കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം ജനശ്രദ്ധ മാറ്റാനുള്ള ഗൂഢാലോചന', അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് അടൂര്‍ പ്രകാശ്
Around us

'കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം ജനശ്രദ്ധ മാറ്റാനുള്ള ഗൂഢാലോചന', അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് അടൂര്‍ പ്രകാശ്

THE CUE

THE CUE

വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം ജനശ്രദ്ധ മാറ്റാനുള്ള ഗൂഢാലോചനയെന്ന് അടൂര്‍ പ്രകാശ്. കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അടുര്‍ പ്രകാശ് പറയുന്നു.

'കൊലപാതകത്തിന്റെയും അക്രമത്തിന്റെയും രക്ത കറ പുരണ്ട കുപ്പായം എനിക്കോ എന്റെ പാര്‍ട്ടിക്കോ ചേരുന്നതല്ല. കൊലയാളികളെ സംരക്ഷിക്കുന്നതും എനിക്ക് ചേരുന്ന കുപ്പായമല്ല. ഈ സംഭവത്തില്‍ സിപിഎമ്മിന് വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും അടുത്ത സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നവരും സിഐടിയു പ്രവര്‍ത്തകരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് സിപിഎം ഭരിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ നിന്ന് നീതിപൂര്‍വ്വമായ അന്വേക്ഷണം ഇക്കാര്യത്തില്‍ നടക്കില്ലെന്നും അടൂര്‍ പ്രകാശ് ആരോപിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെഞ്ഞാറമ്മൂടില്‍ കഴിഞ്ഞ ദിവസ്സം ഉണ്ടായ ഇരട്ട കൊലപാതകം എന്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായാലും അത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. ആ സംഭവത്തെ ശക്തമായി അപലപിക്കുന്നു. കേസ് അന്വേഷണം CBIയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

സഖാക്കളോടാണ്, നിങ്ങള്‍ എനിക്ക് എതിരെ ഇതിലും വലിയ ആരോപണങ്ങള്‍ കാല്‍ നൂറ്റാണ്ടായി ഉന്നയിക്കുകയും അതൊക്കെ കാല യവനികയില്‍ മറയപ്പെടുകയും ചെയ്തത് ഓര്‍മ്മ ഉണ്ടാകുമെല്ലോ! ആ ആരോപണങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ കൊലപാതകം ആസൂത്രണം ചെയ്തെന്നും കൊലപാതകം ചെയ്തിട്ട് കൊലയാളി സംഘം എന്നെ വിളിച്ചുവെന്നും പറയുന്നത് നിങ്ങളുടെ മറ്റൊരു തമാശയാണെന്ന് നിങ്ങള്‍ക്കും എനിക്കും എന്നെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കും അറിയാം.

ഇത്തരത്തില്‍ നിങ്ങള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ കാരണമാണ് എനിക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും അതുപോലെ ഓരോ തെരെഞ്ഞെടുപ്പില്‍ എനിക്ക് ലഭിക്കുന്ന കൂടുതല്‍ ഭൂരിപക്ഷവും എന്നതിനാല്‍ ഇത്തരം വ്യാജ ആരോപണം ഉന്നയിക്കുന്ന നിങ്ങളോട് ഒത്തിരി കടപ്പാടുണ്ട്.

സഖാക്കളോടാണ് വീണ്ടും: കൊലപാതകത്തിന്റെയും അക്രമത്തിന്റെയും രക്തകറ പുരണ്ട കുപ്പായം എനിക്കോ എന്റെ പാര്‍ട്ടിക്കോ ചേരുന്നതല്ല. കൊലയാളികളെ സംരക്ഷിക്കുന്നതും എനിക്ക് ചേരുന്ന കുപ്പായമല്ല. ആ കുപ്പായം അണിയനാനല്ല ഞാന്‍ കൊല്ലം SN കോളേജില്‍ KSU വിന്റെ യൂണിറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസില്‍ അണിചേര്‍ന്നത്.

സഖാക്കളോടാണ് പിന്നെയും: സ്വര്‍ണ്ണ കള്ളക്കടത്തിന്റെയും അഴിമതിയുടെയും തീവെട്ടി കൊള്ളയുടെയും പിണറായി സര്‍ക്കാരിന്റെ ബന്ധം ഓരോന്നായി പുറത്തു വരുമ്പോള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ കൊള്ളക്കാര്‍ ആവുമ്പോള്‍, ജനങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ ആദ്യം കോവിഡിന്റെ മറവില്‍ പലതും ചെയ്തു. പിന്നീട് സമരങ്ങള്‍ക്ക് കോടതി പ്രഖ്യാപിച്ച വിലക്ക് തീരുന്ന ദിവസ്സം തലസ്ഥാന ജില്ലയില്‍ ഉണ്ടായ ഇരട്ട കൊലപാതകവും അതിരാവിലെ തന്നെ അതില്‍ എനിക്ക് പങ്കുണ്ട് എന്ന രീതിയിലുള്ള പ്രചാരണവും തീവെട്ടിക്കൊള്ളകളില്‍ നിന്നും ജനശ്രദ്ധ മാറ്റാനുള്ള ഗൂഢാലോചനയാണ് എന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്.

ഈ സംഭവത്തില്‍ സിപിഎമ്മിന് വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും അടുത്ത സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നവരും CITU പ്രവര്‍ത്തകരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ - അതുകൊണ്ട് സിപിഎം ഭരിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ നിന്ന് നീതിപൂര്‍വ്വമായ അന്വേക്ഷണം ഇക്കാര്യത്തില്‍ നടക്കില്ല.

ഈ കൊലപാതകത്തിന് കാരണമായ സംഭവം എവിടെ തുടങ്ങി? ഇക്കാര്യത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് എന്തൊക്കെ? ഗൂഢാലോചന എവിടെയൊക്കെ നടന്നു? ഈ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കേസ് അന്വേക്ഷണം CBIയെ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണം. ഒരു കാര്യം കൂടി സഖാക്കളേ: നിങ്ങള്‍ കാണിച്ച തീവെട്ടിക്കൊള്ളകള്‍ പൊടിയിട്ട് മറയ്ക്കാന്‍ നിങ്ങള്‍ ഇനിയും ആളുകളെ കൊല്ലരുത്. നാട്ടില്‍ കലാപങ്ങള്‍ സൃഷ്ട്ടിക്കരുത്. ജന:ജീവിതം ദുസ്സഹമാക്കരുത്. കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. അവരോട് നിങ്ങള്‍ അല്പമെങ്കിലും സഹതാപം കാണിക്കണം.

സഖാക്കളേ, ഒരു പ്രധാന കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം: നിങ്ങള്‍ എന്തൊക്കെ പ്രകോപനങ്ങള്‍ സൃഷ്ട്ടിച്ചാലും നാട്ടില്‍ ജനാധിപത്യവും നീതി ന്യായവും തുടരുമെങ്കില്‍ ഇനി വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. അതുപോലെ തന്നെ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലെ 7 നിയമസഭാ മണ്ഡലങ്ങളിലും കോന്നിയിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയം കാണുകതന്നെ ചെയ്യും.

വെഞ്ഞാറന്മൂട്ടിൽ കഴിഞ്ഞ ദിവസ്സം ഉണ്ടായ ഇരട്ട കൊലപാതകം എന്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായാലും അത് ഒരിക്കലും നടക്കാൻ...

Posted by Adoor Prakash on Tuesday, September 1, 2020
The Cue
www.thecue.in