ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണെന്ന് കോടിയേരി. ആര്‍എസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ് - കോണ്‍ഗ്രസ് ബാന്ധവമെന്നും കോടിയേരി ബാലകൃഷ്ണന്‍.

സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ സംരക്ഷിക്കാന്‍ ബിജെപിയും സിപിഐഎം ധാരണയിലെത്തിയെന്ന രീതിയില്‍ കോണ്‍ഗ്രസ് ആരോപണമയുര്‍ത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം സിപിഐഎമ്മും ബിജെപിയും ഉണ്ടാക്കിയ ധാരണയില്‍ ഒത്തുതീര്‍പ്പിലാവുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപണമുന്നയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തലക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘എന്റെ രാമൻ റഹീമുമാണ് ' എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുവർഗീയതയ്ക്ക് മേൽക്കൈ കിട്ടാനുള്ള വർഗീയക്കാർഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും സംഘപരിവാരം വീണ്ടും സജീവമാക്കുമ്പോൾ, തിരിച്ചറിവില്ലാത്ത കോൺഗ്രസുകാർക്ക് വഴികാട്ടിയായി ഗാന്ധിജിയുടെ രാമ സങ്കൽപ്പം മാറേണ്ടതുണ്ട്.

മുസ്ലിമിനെ ശത്രുവായി കാണുന്ന, അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ പൊളിക്കുന്ന കലിയും അപസ്മാരവുമാണ് ശ്രീരാമനാമത്തിന്റെ മറവില്‍ ബിജെപിക്കുള്ളത്. എന്നാല്‍, ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും തിലകനും ഗാന്ധിജിയും ടാഗോറുമൊന്നും ഹിന്ദുമതത്തിന്റെ ശത്രുക്കളായി മുസ്ലിംമതത്തെയോ മറ്റേതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെയോ കണ്ടില്ല.

ബാബ്റി പള്ളി തകര്‍ത്തിടത്ത് അമ്പലം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നിന് ആഗസ്ത് അഞ്ച് തെരഞ്ഞെടുത്തതിലൂടെ മോഡിയുടെയും കൂട്ടരുടെയും അന്യമത വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും ആഴം എത്ര വലുതാണെന്ന് ബോധ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രദാനംചെയ്ത ഭരണഘടനയുടെ 370-ാം വകുപ്പും അതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 35എയും ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമവും രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും ലോക്സഭാ പ്രമേയത്തിലൂടെയും റദ്ദാക്കപ്പെട്ടത്. ഇത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള ഭരണകൂടത്തിന്റെ മിന്നലാക്രമണമായിരുന്നു.

ഇതേത്തുടര്‍ന്ന് മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനല്‍ കുറ്റമാക്കുന്ന 'മുത്തലാഖ് ബില്ലും' മുസ്ലിം അഭയാര്‍ഥികളെ തടങ്കല്‍പ്പാളയത്തിലാക്കാന്‍ ലാക്കാക്കുന്ന പൗരത്വഭേദഗതി നിയമവും വന്നു. പൗരത്വഭേദതിക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭം വളരുകയും അത് മറ്റൊരു സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോവിഡ് പൊട്ടിപ്പുറപ്പെടുകയും പ്രക്ഷോഭം നിര്‍ത്തിവയ്ക്കുകയും ചെയ്തത്.

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം 'കൈപ്പത്തി'യെ 'താമര'യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ഇറക്കുന്നത്. അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കാവിപ്പടയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്.

റാവുവിന്റെ പാരമ്പര്യം പിന്‍പറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകള്‍ കയറുന്നത്. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എല്‍ഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകള്‍ മെനയാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.

ആര്‍എസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ് - കോണ്‍ഗ്രസ് ബാന്ധവം.

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in