കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു, പാര്‍ട്ടി തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ലതീഷ് ബി ചന്ദ്രന്‍

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു, പാര്‍ട്ടി തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ലതീഷ് ബി ചന്ദ്രന്‍
Summary

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് ബി ചന്ദ്രന്‍.

സിപിഐഎമ്മില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ആലപ്പുഴ കഞ്ഞിക്കുഴിയിലെ സഖാവ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷം ആലപ്പുഴ പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയാണ് തെളിവില്ലെന്ന് കണ്ടെത്തി അഞ്ച് പ്രതികളെ വെറുതെ വിട്ടത്. നിരപരാധിത്വം തെളിഞ്ഞെന്നും ഇപ്പോഴും സിപിഐഎമ്മുകാരാണെന്നും കുറ്റവിമുക്തരായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് ബി ചന്ദ്രന്‍.

വി. എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയം പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി ചന്ദ്രനായിരുന്നു ഒന്നാം പ്രതി. കണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, സി ആര്‍ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരായിരുന്നു മറ്റ് പ്രതികള്‍. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേര്‍ന്നുള്ള പ്രതിമയും തകര്‍ക്കപ്പെട്ടത്. സിപിഐഎമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് പിന്നിലെന്ന് തുടക്കത്തില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടിതലത്തില്‍ അന്വേഷണം ഉണ്ടായില്ല. 2016 ഏപ്രില്‍ 28 ന് കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാനാകില്ലെന്ന് സ്ഥാപിക്കാന്‍ ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നുവെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രം. ക്രിമിനല്‍ ഗൂഢാലോചനയടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ചത് കണ്ണര്‍കാട് ചെല്ലിക്കണ്ടത് വീട്ടില്‍ ആയിരുന്നു. പാമ്പ് കടിയേറ്റ് മരണപ്പെടുന്നതും ഈ വീട്ടിലായിരുന്നു. അത് സിപിഎം സ്മാരകമാക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ സിപിഐഎമ്മിനകത്ത് വിഭാഗീയ രൂക്ഷമായിരുന്ന ഘട്ടത്തില്‍ കൂടിയായിരുന്നു സ്മാരകം ആക്രമിക്കപ്പെട്ടത്.

പ്രതികളായ പാര്‍ട്ടി പ്രതിനിധികളെ സിപിഐഎം പുറത്താക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ടികെ പളനി അടക്കം പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in